വാഹനാപകടസ്ഥലത്ത് രക്ഷാപ്രവര്‍ത്തനം നടത്തവേ ലോറി ഇടിച്ചുകയറി പോലീസുകാരന്‍ മരിച്ചു

single-img
4 March 2018


കൊല്ലം: വാഹനാപകടം നടന്ന സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം നടത്തുകയായിരുന്ന പോലീസ് സംഘത്തിനിടയിലേക്ക് ലോറി പാഞ്ഞുകയറി ഒരു പോലീസുകാരന്‍ മരിച്ചു. രണ്ട് പോലീസുകാര്‍ക്ക് പരിക്കേറ്റു. കൊട്ടാരക്കരയില്‍ ഞായറാഴ്ച പുലര്‍ച്ചെ ഉണ്ടായ അപകടത്തില്‍ പോലീസ് കണ്‍ട്രോള്‍ യൂണിറ്റിലെ ഡ്രൈവര്‍ വിപിന്‍ ആണ് മരിച്ചത്. പുത്തൂര്‍ എസ്.ഐ വേണുഗോപാല്‍, എഴുകോണ്‍ എ.എസ്.ഐ അശോകന്‍ എന്നിവര്‍ക്കാണ് ഗുരുതരമായി പരിക്കേറ്റത്.

രാത്രിയില്‍ കാര്‍ പോസ്റ്റില്‍ ഇടിച്ചുണ്ടായ അപകടത്തിന്‍െറ രക്ഷാപ്രവര്‍ത്തനം നടത്തുകയായിരുന്നു പോലീസ് സംഘം. മഹസര്‍ തയാറാക്കുന്നതിന്‍െറ ഇടയില്‍ അമിതവേഗതയില്‍ വന്ന ലോറി, കാര്‍ തകര്‍ത്ത് പോലീസുകാര്‍ക്കിടയിലേക്ക് ഇടിച്ചുകയറി. പരിക്കേറ്റവരെ തിരുവനന്തപുരത്ത് ആശുപത്രിയില്‍ എത്തിച്ചെങ്കിലും വിപിനെ രക്ഷിക്കാന്‍ കഴിഞ്ഞില്ല. അപകടത്തിന് ശേഷം നിര്‍ത്താതെ പോയ ലോറിയെ പിന്തുടര്‍ന്ന് പിടികൂടി ഡ്രൈവറെ പോലീസ് കസ്റ്റഡിയിലെടുത്തു. ഡ്രൈവര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്തു.