‘‘ഈ വിജയം ജീവന്‍ വെടിഞ്ഞവര്‍ക്കായി’’

single-img
3 March 2018


ന്യൂഡല്‍ഹി: ത്രിപുരയിലും നാഗാലാന്‍ഡിലും മേഘാലയയിലും ബി.ജെ.പി നടത്തിയ വിജയക്കുതിപ്പ് പ്രധാനമന്ത്രി നരേന്ദ്ര മോദി സമര്‍പ്പിച്ചത് ബലിദാനികളായ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക്. തെരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ ഡല്‍ഹിയില്‍ പുതുതായി പണികഴിപ്പിച്ച ബി.ജെ.പി ആസ്ഥാന മന്ദിരത്തില്‍ പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ജീവന്‍ വെടിഞ്ഞ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് ആദരാഞ്ജലികളര്‍പ്പിക്കാന്‍ രണ്ട് മിനിറ്റ് മൗനം പാലിക്കാനും അദ്ദേഹം ആഹ്വാനം ചെയ്തു. ‘‘ഒരുപാട് ബി.ജെ.പി പ്രവര്‍ത്തകര്‍ ജീവത്യാഗം ചെയ്തിട്ടുണ്ട്. ത്രിപുരയില്‍ ജനങ്ങള്‍ക്കിടയില്‍ ഭയവും ഭ്രമവും പരത്തിയതിന് ഇടതുപക്ഷത്തിന് കിട്ടിയ മറുപടിയാണ് തെരഞ്ഞെടുപ്പ് ഫലം’’-മോദി പറഞ്ഞു.

ത്രിപുരയിലെ ബി.ജെ.പിയുടെ വളര്‍ച്ചയെ പ്രകീര്‍ത്തിക്കാനും മോദി മറന്നില്ല. ‘‘ഒന്നുമില്ലായ്മയില്‍ നിന്ന് ഒന്നാം സ്ഥാനത്തേക്കുള്ള യാത്രയാണിത്, ശൂന്യത്തില്‍ നിന്ന് ഗോപുരത്തിലേക്ക്.’’-പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. കോണ്‍ഗ്രസിന്‍െറ തകര്‍ച്ചയെയും മോദി കളിയാക്കി. കോണ്‍ഗ്രസ് പാര്‍ട്ടി എക്കാലത്തെയും താഴ്ന്ന നിലയിലേക്ക് ചുരുങ്ങിയതായി അദ്ദേഹം പറഞ്ഞു. ‘‘ഇതില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് പഠിക്കാന്‍ ഒരു പാഠമുണ്ട്, പ്രത്യേകിച്ച് ബി.ജെ.പിക്ക്. നമ്മുടെ പാര്‍ട്ടിയില്‍ ‘കോണ്‍ഗ്രസ് സംസ്കാരം’ കടന്നുകയറാന്‍ അനുവദിക്കരുത്.’’-പ്രസംഗം അവസാനിപ്പിക്കവേ നരേന്ദ്ര മോദി കൂട്ടിച്ചേര്‍ത്തു.