‘‘ബി.ജെ.പിയുടെ സുവര്‍ണകാലം എത്തിയിട്ടില്ല, കേരളവും കര്‍ണാടകയും ബംഗാളും ഒഡിഷയും കൂടി കീഴടക്കുന്ന നാള്‍ വരണം’’

single-img
3 March 2018


ന്യൂഡല്‍ഹി: വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ പിടിച്ചടക്കിയിട്ടും ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷാ ‘തൃപ്തനല്ല’. ബി.ജെ.പിയുടെ സുവര്‍ണകാലം ഇതുവരെ എത്തിയിട്ടില്ലെന്നാണ് പാര്‍ട്ടി അധ്യക്ഷന്‍ പ്രതികരിച്ചത്. ‘‘കേരളവും പശ്ചിമ ബംഗാളും കര്‍ണാടകയും ഒഡിഷയും കൂടി കീഴടക്കുന്ന കാലമാകുമ്പോള്‍ ബി.ജെ.പിയുടെ സുവര്‍ണ യുഗവും വന്നെത്തും’’-അമിത് ഷാ പറഞ്ഞു.

രാജ്യത്തിന്‍െറ ഒരു ഭാഗത്തിനും ഇടതുപക്ഷം ചേരില്ലെന്നതാണ് ത്രിപുരയിലെ തെരഞ്ഞെടുപ്പ് ഫലം കാണിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിന് ത്രിപുരയിലെയും നാഗാലാന്‍ഡിലെയും ജനങ്ങളില്‍ നിന്ന് ലഭിച്ച അംഗീകാരമാണ് ഫലമെന്നും ഷാ കൂട്ടിച്ചേര്‍ത്തു.

കോടിക്കണക്കിന് വരുന്ന ബി.ജെ.പി പ്രവര്‍ത്തകര്‍ക്കും തനിക്കും സന്തുഷ്ടകരമായ ദിനമെന്നാണ് അമിത് ഷാ വിശേഷിപ്പിച്ചത്. ഡല്‍ഹിയില്‍ പത്രസമ്മേളനത്തിലാണ് അമിത് ഷാ പ്രതികരണം അറിയിച്ചത്. മേഘാലയയില്‍ ഭരണമുറപ്പിക്കാന്‍ കുതിരക്കച്ചവടത്തിന്‍െറ ആവശ്യം വരുമോ എന്ന ചോദ്യം തള്ളിയ ബി.ജെ.പി അധ്യക്ഷന്‍ അവിടെ കോണ്‍ഗ്രസിന് ഭൂരിപക്ഷം ഇല്ലെന്നും കൂട്ടിച്ചേര്‍ത്തു.