മുഖ്യമന്ത്രി എന്തേ ഷുഹൈബിന്റെ കുടുംബത്തെ സന്ദര്‍ശിക്കാത്തത് ?: പ്രതിഷേധം ശക്തം

single-img
2 March 2018

പാലക്കാട്: മണ്ണാര്‍ക്കാട് കൊല്ലപ്പെട്ട യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ സഫീറിന്റെയും അട്ടപ്പാടിയില്‍ ജനക്കൂട്ടം തല്ലിക്കൊന്ന മധുവിന്റെയും വീടുകളിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയന്‍ സ്വന്തം മണ്ഡലത്തിലെ ഷുഹൈബിന്റെ കുടുംബത്തെ സന്ദര്‍ശിക്കാത്തതില്‍ പ്രതിഷേധം ശക്തമാകുന്നു.

ഷുഹൈബിനെ കൊലപ്പെടുത്തിയതിന് പിന്നില്‍ സ്വന്തം പാര്‍ട്ടിക്കാരാണെന്ന ആക്ഷേപം നിലനില്‍ക്കെയാണ് മുഖ്യമന്ത്രിയുടെ ഒഴിഞ്ഞ് മാറല്‍ ശ്രദ്ധേയമാകുന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടി ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച തുടങ്ങിയിട്ടുണ്ട്. അതേസമയം, സഫീറിനെ കൊലപ്പെടുത്തിയത് സി.പി.ഐക്കാരാണെന്ന ആരോപണം നിലനില്‍ക്കെ, സഫീറിന്റെ ബന്ധുക്കളെ സന്ദര്‍ശിക്കാന്‍ മുഖ്യമന്ത്രി എത്തിയതിന് പിന്നില്‍ രാഷ്ട്രീയ മാനങ്ങളുണ്ടെന്നും വിലയിരുത്തലുണ്ട്.

അട്ടപ്പാടിയില്‍ ജനക്കൂട്ടം കൊലപ്പെടുത്തിയ മധുവിന്റെ വീട്ടിലെത്തി മടങ്ങിയ ശേഷമാണ് മുഖ്യമന്ത്രി സഫീറിന്റെ ബന്ധുക്കളെ സന്ദര്‍ശിക്കാനെത്തിയത്. എം.എല്‍.എമാരായ പി.കെ.ശശിയും എന്‍.ഷംസുദ്ദീനും മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്നു. സഫീറിനെ കൊലപ്പെടുത്തിയതുമായി ബന്ധപ്പെട്ട കേസ് നടപടികള്‍ മുഖ്യമന്ത്രി ചോദിച്ചറിഞ്ഞു. പത്ത് മിനിറ്റോട്ടം ഇവിടെ ചിലവഴിച്ച മുഖ്യമന്ത്രി ബന്ധുക്കളെ ആശ്വസിപ്പിച്ച ശേഷമാണ് മടങ്ങിയത്.