ഒരൊറ്റ മെസേജില്‍ ജീവിതം മാറിമറിഞ്ഞ യുവാവ്

single-img
2 March 2018

വര്‍ഷങ്ങളോളം ഏകാന്തത വേട്ടയാടിയപ്പോള്‍ ഡെന്‍മാര്‍ക്ക് സ്വദേശിയായ പാട്രിക് കാക്കിര്‍ലി ഒരു മാര്‍ഗം കണ്ടുപിടിച്ചു. ഒരു പരിചയവുമില്ലാത്ത ആളുകളെ വീട്ടിലേക്ക് ക്ഷണിച്ച് അവര്‍ക്ക് വിരുന്നൊരുക്കുക. അങ്ങനെ തന്റെ ഏകാന്തതയെ എന്നന്നേക്കുമായി ഇല്ലാതാക്കുക.

കുട്ടിക്കാലത്തിന്റെ നല്ലൊരു ഭാഗം അനാഥാലയത്തില്‍ ജീവിച്ചയാളാണ് പാട്രിക്. ആറ് വര്‍ഷത്തെ പ്രണയത്തിനൊടുവില്‍ 2016 സെപ്തംബറില്‍ കാമുകി കൂടി ചതിച്ച് പോയതോടെ പാട്രിക് തീര്‍ത്തും നിരാശനായി. ജീവിതത്തോട് തന്നെ മടുപ്പായി. ആത്മഹത്യ ചെയ്യുമെന്ന ഘട്ടം വരെയെത്തി.

സൈക്യാട്രിസ്റ്റിനെ കണ്ട് ചികിത്സ നടത്തി. നേരത്തെ കാമുകിയുണ്ടായിരുന്നത് കൊണ്ട് സുഹൃത്തുക്കളുമായി പാട്രിക് അത്ര അടുപ്പത്തിലുമായിരുന്നില്ല. കാമുകി കൂടി വിട്ടു പോയതോടെ തീര്‍ത്തും ഒറ്റപ്പെട്ട അവസ്ഥയിലായി. അങ്ങനെയാണ് പാട്രികിന്റെ മനസിലേക്ക് ഒരു ആശയം ഉദിക്കുന്നത്.

സുഹൃത്തുക്കളെ ഉണ്ടാക്കുക. ഏതിനായി 2016 ഡിസംബര്‍ 7ന് ജോഡല്‍ എന്ന ആപ്പില്‍ പാട്രിക് ഒരു സന്ദേശം തയ്യാറാക്കി.”പുതിയ സുഹൃത്തുക്കളെ ഉണ്ടാക്കാന്‍ ഞാന്‍ അതിയായി ആഗ്രഹിക്കുന്നു. ജീവിതത്തിലെ ഏറ്റവും മോശമായ കാലഘട്ടത്തിലൂടെയാണ് ഞാന്‍ കടന്നു പോകുന്നത്.

എന്റെ ജീവിത്തിലെ ഒറ്റപ്പെടലിനെ എനിക്ക് ഇല്ലാതാക്കണം. ടൗണ്‍ ഹാളിന് മുന്നില്‍ ഉച്ചയ്ക്ക് 2 മണി മുതല്‍ രാത്രി 8 മണി വരെ ഞാന്‍ ഇരിക്കുന്നുണ്ടാകും. കറുപ്പ് നിറത്തിലുള്ള പാന്റ്‌സാണ് ധരിച്ചിരിക്കുക. നോര്‍ത്ത് ഫെയ്‌സ് ബാഗാണ് കൈയിലുണ്ടാകുക”.

പാട്രിക്കിന്റെ സന്ദേശം ഫലം കണ്ടു. ഡെന്‍മാര്‍ക്കിലുടനീളം പാട്രിക്കിന് ഇപ്പോള്‍ നിറയെ സുഹൃത്തുക്കളാണ്. പുതിയ ആളുകള്‍ വരുന്നതിനനുസരിച്ച് ആഴ്ചയില്‍ ഒരിക്കല്‍ വിരുന്നുമൊരുക്കും. സുഹൃത്തുക്കള്‍ക്ക് വിരുന്നൊരുക്കുന്നതിനും മറ്റും ചിലവാകുന്ന പണത്തിനും പാട്രിക് ആദ്യമൊരു മാര്‍ഗം കണ്ടെത്തി.

2017 ജനുവരിയില്‍ ഒരു സ്റ്റുഡന്റ് ലോണ്‍ എടുത്തു. കാരണം തന്നെ തേടിയെത്തുന്ന സുഹൃത്തുക്കളില്‍ ഭൂരിഭാഗവും വിദ്യാര്‍ഥികളായിരുന്നു. അവരെ സാമ്പത്തികമായി ബുദ്ധിമുട്ടിക്കാതിരിക്കാനായിരുന്നു പാട്രികിന്റെ ശ്രമം. സുഹൃത്തുക്കള്‍ക്ക് വീട്ടിലെത്തി ചേരാന്‍ ഗതാഗതസൗകര്യവും ഒരുക്കാറുണ്ട്.

2017 മാര്‍ച്ചോട് കൂടി പാട്രിക്കിന്റെ സൗഹൃദവലയത്തില്‍ 10,000 അംഗങ്ങളായി. അതോടെ പ്രോഗാമര്‍ പഠനം ഉപേക്ഷിക്കാന്‍ പാട്രിക് തീരുമാനിച്ചു. തന്റെ വൊളണ്ടറി ജോലിയില്‍ പൂര്‍ണമായും ശ്രദ്ധപതിപ്പിക്കുന്നതിന് വേണ്ടിയായിരുന്നു ഇത്. എന്നാല്‍ വരുമാന മാര്‍ഗം ഇല്ല.

ചില സാമൂഹിക പ്രവര്‍ത്തകര്‍ നല്‍കുന്ന പണമാണ് ആകെയുള്ള വരുമാനം. തന്റെ കഥ ഏകാന്തത അനുഭവിക്കുന്നവര്‍ക്ക് ഉപകാരപ്പെടുമെന്നാണ് പാട്രിക്കിന്റെ വിശ്വാസം.