കഴക്കൂട്ടത്തെ ഈ ഓട്ടോ ഡ്രൈവര്‍മാരിട്ട പൊങ്കാല ഒരു ‘വഴിപാടല്ല’: തങ്ങളോടൊപ്പം ഓട്ടോ ഓടിച്ചിരുന്ന സുഹൃത്ത് കോമാവസ്ഥയില്‍ നിന്നും ജീവിതത്തിലേക്ക് മടങ്ങിവരാനുള്ള വലിയ നേര്‍ച്ചയാണ്

single-img
2 March 2018

ദേവിക്കുള്ള ആത്മസമര്‍പ്പണമാണ് പൊങ്കാല. വിശ്വാസികളെ സംബന്ധിച്ചിടത്തോളം അനേകം പുണ്യം നേടിത്തരുന്ന ഒന്ന്. ദേവിക്ക് പൊങ്കാല അര്‍പ്പിച്ച് പ്രാര്‍ത്ഥിച്ചാല്‍ മനസിനുള്ളിലെ ആഗ്രഹങ്ങള്‍ സാധിച്ച് തരും എന്നുള്ള വിശ്വാസത്തിലാണ് പൊങ്കാലയിടാനായി സ്ത്രീജനങ്ങള്‍ കൂട്ടമായി എത്തുന്നത്.

അപൂര്‍വമായിട്ടെങ്കിലും പുരുഷന്മാരും പൊങ്കാല അര്‍പ്പിക്കാറുണ്ട്. ഇത്തവണ തിരുവനന്തപുരം കഴക്കൂട്ടത്തും പുരുഷന്മാര്‍ പൊങ്കാല അര്‍പ്പിച്ചു. കഴക്കൂട്ടം ജംഗ്ഷനിലെ ഒരു കൂട്ടം ഓട്ടോ ഡ്രൈവര്‍മാരാണ് ദേവിക്ക് പൊങ്കാല അര്‍പ്പിച്ചത്. വെറും ഒരു ആചാരത്തിനോ, മാധ്യമ വാര്‍ത്തകളില്‍ ഇടം പിടിക്കാനോ ആയിരുന്നില്ല ഇവരുടെ പൊങ്കാല.

അതിനു പിന്നില്‍ വലിയൊരു നേര്‍ച്ചയുണ്ട്. തങ്ങളുടെ കൂടെ ഓട്ടോ ഓടിച്ചിരുന്ന ഷംനാദ് എന്നയാള്‍ അപകടത്തില്‍ പരിക്കേറ്റ് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ജീവിതത്തോട് മല്ലടിച്ച് കിടക്കുകയാണ്. ഷംനാദ് എത്രയും വേഗം സുഖം പ്രാപിച്ച് ജീവിതത്തിലേക്ക് മടങ്ങി വരണം എന്ന പ്രാര്‍ത്ഥനയോടെയാണ് ഇവര്‍ പൊങ്കാല അര്‍പ്പിച്ചത്.

കഴിഞ്ഞ മാസം കഴക്കൂട്ടം പോലീസ് സ്‌റ്റേഷനു സമീപം ഇരുചക്ര വാഹനങ്ങള്‍ തമ്മില്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തിലാണ് ഷംനാദിന് പരിക്കേറ്റത്. തലയ്ക്ക് ഗുരുതരമായി പരിക്കറ്റ ഷംനാദ് ഐസിയുവില്‍ കോമാവസ്ഥയില്‍ കഴിയുകയാണിപ്പോള്‍.