ഗൗരി ലങ്കേഷിന്‍െറ കൊലപാതകം: ആറു മാസങ്ങള്‍ക്ക് ശേഷം ആദ്യ അറസ്റ്റ്

single-img
2 March 2018


ബംഗളൂരു: മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിന്‍െറ രാജ്യത്തെ ഞെട്ടിച്ച കൊലപാതകം നടന്ന് ആറു മാസങ്ങള്‍ തികയാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെ കേസില്‍ ആദ്യ അറസ്റ്റ്. കെ.ടി. നവീന്‍ കുമാര്‍ എന്നയാളെയാണ് പ്രത്യേക അന്വേഷണ സംഘം(എസ്.ഐ.ടി) കസ്റ്റഡിയിലെടുത്തത്. മാണ്ഡ്യയിലെ മദ്ദൂര്‍ സ്വദേശിയാണ് ഇയാള്‍. ഹിന്ദു യുവ സേനയുമായി ഇയാള്‍ക്ക് ബന്ധമുള്ളതായി അന്വേഷണത്തില്‍ വ്യക്തമായതായി അന്വേഷണ സംഘം വ്യക്തമാക്കി.

അനധികൃതമായി ബുള്ളറ്റുകള്‍ കൈവശം വച്ച കേസില്‍ ഫെബ്രുവരി 18ന് ബംഗളൂരു പോലീസിന്‍െറ പിടിയിലായ ഇയാള്‍ക്ക് ഗൗരി ലങ്കേഷിന്‍െറ കൊലപാതകത്തില്‍ പങ്കുള്ളതായി അന്വേഷണ സംഘം കണ്ടെത്തി. ഇതേതുടര്‍ന്ന്, ബംഗളൂരു മജിസ്ട്രേറ്റ് കോടതിയെ വിവരമറിയിച്ച അന്വേഷണ സംഘം കൊലപാതകകേസില്‍ നവീന്‍ കുമാറിന്‍െറ അറസ്റ്റ് രേഖപ്പെടുത്തി. അനധികൃത ആയുധങ്ങള്‍ പിടിച്ച കേസില്‍ അന്വേഷണം നടത്തവേയാണ് ഇയാള്‍ക്കെതിരെ കൊലപാതക കേസില്‍ തുമ്പ് ലഭിച്ചത്. നവീന്‍ കുമാറിന്‍െറ സുഹൃത്തുക്കള്‍ നല്‍കിയ മൊഴിയാണ് അന്വേഷണത്തിന് സഹായകമായതെന്നാണ് റിപ്പോര്‍ട്ട്. ഈ മൊഴികള്‍ കാണിച്ച് വാറന്‍റിനായി എസ്.ഐ.ടി അപേക്ഷിച്ചു. ഇയാളുടെ കുറ്റസമ്മത മൊഴിയും സീല്‍ ചെയ്ത കവറില്‍ അഡീഷണല്‍ ചീഫ് മെട്രോപൊളിറ്റന്‍ മജിസ്ട്രേറ്റിന് മുന്നില്‍ സമര്‍പ്പിച്ചു.

പശ്ചിമ ബംഗളൂരുവില്‍ ഉപ്പര്‍പേട്ട് പോലീസ് ആണ് ഫെബ്രുവരി 18ന് നവീന്‍ കുമാറിനെ ആയുധ കേസില്‍ പിടികൂടിയത്. നിരോധിക്കപ്പെട്ട ബുള്ളറ്റുമായി ബസ് സ്റ്റാന്‍ഡില്‍ ഇയാളെ കണ്ടെത്തിയതിനെ തുടര്‍ന്ന് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥന്‍ നല്‍കിയ പരാതിയിലാണ് അറസ്റ്റ് നടന്നത്. ഈ കേസില്‍ അന്വേഷണം നടത്തവേ, മദ്ദൂരില്‍ സുഹൃത്തുക്കളോട് മുമ്പ് ആയുധങ്ങളെക്കുറിച്ചുള്ള സംഭാഷണത്തിനിടയില്‍ ഗൗരി ലങ്കേഷിന്‍െറ കൊലപാതകത്തില്‍ തനിക്ക് പങ്കുള്ളതായി ഇയാള്‍ പറഞ്ഞതായി കണ്ടെത്തി. അറസ്റ്റിന് ശേഷം എസ്.ഐ.ടി നിരവധി തവണ ഇയാളെ ചോദ്യം ചെയ്തു. ഗൗരി ലങ്കേഷിന്‍െറ കൊലപാതക സ്ഥലത്ത് നിന്ന് കിട്ടിയ സിസിടിവി ദൃശ്യങ്ങളില്‍ ഉള്ളയാളുമായി നവീന്‍ കുമാറിന് രൂപസാദൃശ്യമുണ്ടെന്ന് അന്വേഷണത്തില്‍ വ്യക്തമായി. 2017 സെപ്റ്റംബര്‍ അഞ്ചിനാണ് വീടിന് മുന്നില്‍ ഗൗരി ലങ്കേഷിനെ അജ്ഞാതര്‍ വെടിവച്ചുകൊന്നത്.