മലയാറ്റൂരില്‍ വൈദികനെ കൊലപ്പെടുത്തിയ മുന്‍ കപ്യാര്‍ പിടിയില്‍

single-img
2 March 2018


അങ്കമാലി: മലയാറ്റൂര്‍ കുരിശുമലയില്‍ വൈദികനെ കുത്തിക്കൊന്ന മുന്‍ കപ്യാരെ പിടികൂടി. തേക്കിന്‍തോട്ടം സ്വദേശി വട്ടേക്കാടന്‍ വീട്ടില്‍ ജോണിയെ വെള്ളിയാഴ്ച ഉച്ചയോടെയാണ് പോലീസ് അറസ്റ്റു ചെയ്തത്. കുരിശുമല ഒന്നാം സ്ഥലത്ത് ഒരു പന്നി ഫാമിന് അടുത്ത് നിന്നാണ് പിടിയിലായത്.

മലയാറ്റൂര്‍ ദേവാലയത്തിലെ വൈദികന്‍ റെക്ടര്‍ ഫാദര്‍ സേവ്യര്‍ തേലക്കാട്ടാണ് വ്യാഴാഴ്ച ഉച്ചയ്ക്ക് കുത്തേറ്റുമരിച്ചത്. കുരിശുമല ആറാം സ്ഥലത്ത് വച്ചാണ് തുടയില്‍ ആഴത്തില്‍ കുത്തേറ്റത്. രക്തം അമിതമായി നഷ്ടപ്പെട്ടതാണ് മരണത്തിലേക്ക് നയിച്ചത്. വൈദികനെ ആക്രമിച്ചതിന് ശേഷം ജോണി വനത്തിനുള്ളിലേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു. ഇന്നലെ പോലീസ് വ്യാപകമായി തെരച്ചില്‍ നടത്തിയെങ്കിലും ജോണിയെ കണ്ടത്തൊന്‍ കഴിഞ്ഞിരുന്നില്ല. ഇന്ന് രാവിലെ മുതല്‍ നടത്തിയ തെരച്ചിലിലാണ് സംഭവം നടന്നതിന് രണ്ട് കിലോമീറ്റര്‍ അകലെ നിന്ന് ഇയാളെ പിടികൂടിയത്.

സ്വഭാവ ദൂഷ്യം ആരോപിച്ച് ഏതാനും ആഴ്ചകള്‍ക്ക് മുമ്പാണ് ജോണിയെ കപ്യാര്‍ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടത്. ഇതിന്‍െറ വൈരാഗ്യമാണ് കൊലയിലേക്ക് നയിച്ചതെന്നാണ് സൂചന.