ശ്രീദേവി ഇനി ഓര്‍മ

single-img
28 February 2018


മുംബൈ: ഇന്ത്യന്‍ സിനിമയുടെ താരറാണി ഇനി ഓര്‍മ. ശനിയാഴ്ച രാത്രി ദുബായില്‍ അന്തരിച്ച ശ്രീദേവിയുടെ സംസ്കാരം പൂര്‍ണ ഒൗദ്യോഗിക ബഹുമതികളോടെ മുംബൈയില്‍ നടന്നു. വിലെ പാര്‍ലെ സേവ സമാജ് ശ്മശാനത്തില്‍ ഇന്ന് വൈകുന്നേരം 5.30 ന് ശേഷമാണ് സംസ്കാരചടങ്ങുകള്‍ ആരംഭിച്ചത്. ശ്രീദേവിയുടെ ഭര്‍ത്താവ് ബോണി കപൂറാണ് അന്ത്യകര്‍മ്മങ്ങള്‍ നിര്‍വഹിച്ചത്. മക്കളായ ജാഹ്നവിയും ഖുഷിയും പിതാവിനൊപ്പമുണ്ടായിരുന്നതായി കുടുംബവൃത്തങ്ങള്‍ അറിയിച്ചു.

ചൊവ്വാഴ്ച രാത്രി 10 മണിയോടെയാണ് ദുബായില്‍ നിന്ന് ശ്രീദേവിയുടെ മൃതദേഹം മുംബൈ ലോഖണ്ഡ്‌വാലയിലെ വീട്ടില്‍ എത്തിച്ചത്. ഇന്ന് രാവിലെ ഒമ്പത് മുതല്‍ സെലിബ്രേഷന്‍സ് സ്പോര്‍ട്സ് ക്ലബില്‍ പൊതുദര്‍ശനത്തിന് വച്ച മൃതദേഹത്തില്‍ ആരാധകരും സിനിമയിലെ സഹപ്രവര്‍ത്തകരും അന്ത്യാഞ്ജലി അര്‍പ്പിച്ചു. ഒൗദ്യോഗിക ബഹുമതി നല്‍കുന്നതിന്‍െറ ഭാഗമായി ത്രിവര്‍ണ പതാകയില്‍ പുതപ്പിച്ച് രണ്ടരയോടെ വിലാപയാത്ര ആരംഭിച്ചു. മുംബൈ കണ്ട ഏറ്റവും വലിയ വിലാപയാത്രകളിലൊന്നാണ് ശ്രീദേവിയുടെ അവസാന യാത്രയെന്നാണ് റിപ്പോര്‍ട്ട്. മുഹമ്മദ് റഫി, രാജേഷ് ഖന്ന, രാജ് കപൂര്‍, വിനോദ് ഖന്ന എന്നിവരുടെ വിലാപയാത്രകളാണ് സിനിമ മേഖലയില്‍ നിന്ന് ഇതിന് മുമ്പ് മുംബൈയെ നിശ്ചലമാക്കിയത്.

മണിക്കൂറുകളോളം വഴിയരികില്‍ കാത്തുനിന്ന ആയിരക്കണക്കിന് ആരാധകര്‍ പ്രിയതാരത്തിന് യാത്രയയപ്പ് നല്‍കി. തുറന്ന വാഹനത്തില്‍ ബോണി കപൂറും മക്കളും ബന്ധുക്കളും മൃതദേഹത്തെ അനുഗമിച്ചു. വൈകുന്നേരം നാല് മണി കഴിഞ്ഞാണ് ശ്മശാനത്തില്‍ എത്തിച്ചേര്‍ന്നത്. ഷാരൂഖ് ഖാന്‍, അനില്‍ അംബാനി, അനുപം ഖേര്‍, അമിതാഭ് ബച്ചന്‍, വിദ്യാ ബാലന്‍, ഫര്‍ഹാന്‍ അക്തര്‍, കത്രീന കൈഫ്, ജാവേദ് അക്തര്‍, ശബാന അസ്മി, ലാറ ദത്ത, ജിതേന്ദ്ര സിദ്ധാര്‍ഥ് റോയ് കപൂര്‍, രാജ്കുമാര്‍ ഹിരാനി, വിധു വിനോദ് ചോപ്ര തുടങ്ങി സിനിമ മേഖലയിലുള്ള പ്രമുഖരെല്ലാം സംസ്കാരചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു.