മണ്ണാര്‍ക്കാട്ടേത് രാഷ്ട്രീയ കൊലപാതകമല്ലെന്ന് കാനം: മകന്റെ ജീവനെടുത്തത് പഴയ ‘കുടിപ്പക’യെന്ന് സഫീറിന്റെ പിതാവ്

single-img
28 February 2018

പാലക്കാട്: മണ്ണാര്‍ക്കാട് യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ സഫീറിനെ കൊലപ്പെടുത്തിയത് രാഷ്ട്രീയ വൈരാഗ്യം മൂലമല്ലെന്ന് പിതാവ് സിറാജുദ്ദീന്‍. കൊലയ്ക്ക് പിന്നില്‍ വ്യക്തി വൈരാഗ്യമാണെന്നും അദ്ദേഹം പറഞ്ഞു. കേസിലെ പ്രതികളും സഫീറും തമ്മില്‍ നേരത്തെ വഴക്കുണ്ടായിരുന്നു.

നേരത്തെ ലീഗിലും സിപിഎമ്മിലും പ്രവര്‍ത്തിച്ചവരാണ് പ്രതികള്‍. ഇപ്പോള്‍ ഇവര്‍ക്ക് സിപിഐയുമായാണ് ബന്ധമെന്നും സിറാജുദ്ദീന്‍ പറഞ്ഞു. മുസ്ലീ ലീഗ് നഗരസഭാ കൗണ്‍സിലര്‍ കൂടിയാണ് സിറാജുദ്ദീന്‍. കഴിഞ്ഞ ദിവസമാണ് മണ്ണാര്‍ക്കാട് കോടതിപടിയില്‍ വെച്ച് സഫീര്‍ ആക്രമിക്കപ്പെടുന്നത്.

ഒരുസംഘം യുവാവിനെ കുത്തുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ സഫീറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷപെടുത്താനായില്ല. കൊലപാതകത്തിന് പിന്നില്‍ സിപിഐ ആണെന്നാണ് ലീഗ് പ്രവര്‍ത്തകര്‍ ആരോപിച്ചിരുന്നത്.

അതേസമയം മണ്ണാര്‍ക്കാട് സഫീര്‍ വധം രാഷ്ട്രീയ കൊലപാതകമല്ലെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും പറഞ്ഞു. പ്രതികള്‍ക്ക് സി.പി.ഐയുമായി ബന്ധമില്ല. മണ്ണാര്‍ക്കാട് സംഭവത്തിന്റെ പേരില്‍ പ്രതിപക്ഷം സി.പി.ഐയെ ലക്ഷ്യം വെക്കുകയാണെന്നും കാനം വ്യക്തമാക്കി.