സര്‍ക്കാരിന് മലക്കം മറിച്ചില്‍: ‘നിയമസഭയിലെ കയ്യാങ്കളി കേസ് പിന്‍വലിച്ചിട്ടില്ല’

single-img
28 February 2018

തിരുവനന്തപുരം: നിയമസഭയിലെ കയ്യാങ്കളി കേസ് പിന്‍വലിച്ചിട്ടില്ലെന്ന് സര്‍ക്കാര്‍ കോടതിയില്‍. തിരുവനന്തപുരം സിജെഎം കോടതിയിലാണ് സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയത്. ഇന്ന് കോടതി കേസ് പരിഗണിച്ചപ്പോള്‍ കയാങ്കളി കേസ് പിന്‍വലിക്കുന്നില്ലെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയെ അറിയിക്കുകയായിരുന്നു.

ഇതേത്തുടര്‍ന്ന് കേസിലെ പ്രതികളായ ആറ് എല്‍.ഡി.എഫ് എം.എല്‍.എമാരോട് ഏപ്രില്‍ 21ന് ഹാജരാവാന്‍ കോടതി ഉത്തരവിട്ടു. കേസ് പിന്‍വലിച്ചതിനെതിരെ പ്രതിപക്ഷം രംഗത്ത് വന്നിരുന്നു. കേസ് പരിഗണിച്ചപ്പോള്‍ സര്‍ക്കാരിന്റെ നടപടിക്കെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തടസഹര്‍ജി നല്‍കി.

എന്നാല്‍, കേസ് പിന്‍വലിക്കുന്നില്ലെന്ന് സര്‍ക്കാര്‍ അറിയിച്ചതിനെ തുടര്‍ന്ന് കോടതി ഹര്‍ജി പരിഗണിച്ചില്ല. തുടര്‍ന്നാണ് പ്രതികളായ വി.ശിവന്‍കുട്ടി, ഇ.പി.ജയരാജന്‍, കെ.ടി.ജലീല്‍, കെ.അജിത്, കെ.കുഞ്ഞഹമ്മദ് മാസ്റ്റര്‍, സി.കെ.സദാശിവന്‍ എന്നിവരോട് നേരിട്ട ഹാജരാവാന്‍ കോടതി ഉത്തരവിട്ടത്.

കെഎം മാണിയുടെ ബജറ്റ് അവതരണത്തിനിടെ നിയമസഭയില്‍ നടന്ന കയ്യാങ്കളി കേസ് പിന്‍വലിച്ചുകൊണ്ട് കഴിഞ്ഞ ദിവസം സര്‍ക്കാര്‍ ഉത്തരവിട്ടിരുന്നു. കേസ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് വി ശിവന്‍കുട്ടി സര്‍ക്കാരിന് നല്‍കിയ കത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഉത്തരവ്.

2015 മാര്‍ച്ച് 13നാണ് കേസിനാസ്പദമായ സംഭവം. ബാര്‍ കോഴകേസില്‍ ആരോപണവിധേയനായ മന്ത്രി കെഎം മാണിയുടെ ബജറ്റ് അവതരണം തടസ്സപ്പെടുത്തുന്നതിനിടെ രണ്ട് ലക്ഷം രൂപയുടെ പൊതുമുതല്‍ നശിപ്പിച്ചുവെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്.

കേസ് പിന്‍വലിക്കുന്നതിന് ആഭ്യന്തര വകുപ്പ് ഉപദേശം തേടിയെങ്കിലും നിയമ സെക്രട്ടറി അനുകൂലിച്ചില്ല. എന്നാല്‍, നിയമവകുപ്പ് അഡി.സെക്രട്ടറി എതിര്‍ക്കാതിരുന്നതോടെയാണ് കേസ് പിന്‍വലിച്ച് ഉത്തരവിറക്കിയത്.