സഭ ഇന്നും പ്രക്ഷുബ്ധം; പ്രതിപക്ഷം ചോദ്യോത്തരവേള ബഹിഷ്‌ക്കരിച്ചു

single-img
28 February 2018


നിയമസഭയില്‍ ഇന്നും പ്രതിപക്ഷ ബഹളം. ചോദ്യോത്തര വേള നിര്‍ത്തിവെച്ച് ഷുഹൈബ് വധം, മണ്ണാര്‍ക്കാട് കൊലപാതകം എന്നിവയടക്കമുള്ള വിഷയങ്ങള്‍ ചര്‍ച്ചചെയ്യണമെന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ആവശ്യം സ്പീക്കര്‍ അംഗീകരിക്കാതിരുന്നതിനെ തുടര്‍ന്ന് പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ചു.

ചോദ്യോത്തരവേള റദ്ദാക്കി ചര്‍ച്ച വേണമെന്നായിരുന്നു പ്രതിപക്ഷ ആവശ്യം. എന്നാല്‍ സ്പീക്കര്‍ ഇത് അംഗീകരിച്ചില്ല. തുടര്‍ന്നാണ് പ്രതിപക്ഷം സഭ വിട്ടത്. പ്രതിപക്ഷം ഉന്നയിച്ച വിഷയം അടിയന്തരപ്രമേയ നോട്ടീസായി പരിഗണിക്കാമെന്ന് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ പറഞ്ഞു.

ചോദ്യോത്തരവേളയില്‍ സംസ്ഥാനത്തെ വിവിധങ്ങളായ വിഷയങ്ങള്‍ ചര്‍ച്ചയ്ക്കുവരുന്നതാണ്. അതിനാല്‍ ചോദ്യോത്തര വേളയുമായി പ്രതിപക്ഷം സഹകരിക്കണമെന്ന് അഭ്യര്‍ഥിച്ചാണ് സ്പീക്കര്‍ പ്രതിപക്ഷ ആവശ്യം തളളിയത്. സഭാ നടപടികള്‍ പോലെതന്നെ കൊലപാതക വിഷയങ്ങളും വളരെ പ്രാധാന്യമര്‍ഹിക്കുന്നതാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.

അതുകൊണ്ട് ചോദ്യോത്തര വേള നിര്‍ത്തിവെച്ച് പൊതു പ്രാധാന്യമുള്ള വിഷയങ്ങള്‍ ചര്‍ച്ചചെയ്യണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. പ്രതിപക്ഷ നേതാവ് ഉന്നയിക്കുന്ന വിഷയങ്ങളെ മാനിക്കുന്നെന്നും എന്നാല്‍ ഈ വിഷയങ്ങള്‍ ഉന്നയിക്കാന്‍ ശൂന്യവേളയില്‍ അവസരമുണ്ടെന്നും അതിനാല്‍ ചോദ്യോത്തര വേളയോട് സഹകരിക്കണമെന്നും സ്പീക്കര്‍ വ്യക്തമാക്കി. ഈ ആവശ്യം അംഗീരിക്കാനാവില്ലെന്ന് പറഞ്ഞ ചെന്നിത്തല, ചോദ്യോത്തര വേള അവസാനിക്കുന്നതുവരെ സഭയില്‍നിന്ന് ഇറങ്ങിപ്പോകുകയാണെന്ന് വ്യക്തമാക്കുകയായിരുന്നു.

അതേസമയം നിയമസഭയിലെ കയ്യാങ്കളി കേസ് പിന്‍വലിച്ച സര്‍ക്കാര്‍ നടപടിയെ നിയമപരമായി നേരിടാന്‍ യു.ഡി.എഫ് തീരുമാനം. കേസ് തിരുവനന്തപുരം സി.ജെ.എം കോടതി ഇന്നു പരിഗണിക്കാനിരിക്കെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സര്‍ക്കാര്‍ നടപടിക്കെതിരെ തടസ ഹര്‍ജി നല്‍കി.

കേസിലെ പ്രതിയായ വി.ശിവന്‍കുട്ടി മുഖ്യമന്ത്രിക്ക് നല്‍കിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് കേസ് സര്‍ക്കാര്‍ പിന്‍വലിച്ച് ഉത്തരവിറക്കിയത്. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് കെ.എം.മാണിയുടെ ബജറ്റ് അവതരണം തടയുന്നതിനായി പ്രതിപക്ഷാംഗങ്ങള്‍ സ്പീക്കറുടെ വേദി തകര്‍ത്തു എന്നതാണ് കേസ്. ഇ.പി.ജയരാജനും, മന്ത്രി കെ.ടി.ജലീലുമടക്കം ആറുപേരാണ് കേസിലെ പ്രതികള്‍.