സായി പല്ലവിയെ നായികയാക്കി; സെക്കന്റ് ഹീറോയിന്‍ ആക്കുകയാണെങ്കില്‍ താന്‍ ഈ സിനിമയില്‍ നിന്ന് ഇറങ്ങി പോകുമെന്ന് രാകുല്‍ പ്രീത്

single-img
28 February 2018

തമിഴിലും തെലുങ്കിലും താരമായി മാറിയിരിക്കുന്ന രാകുല്‍ പ്രീതിന്റെ ഏറ്റവും പുതിയ ചിത്രം തമിഴ് സൂപ്പര്‍താരം സൂര്യയുടെ കൂടെയാണ്. സെല്‍വരാഘവന്‍ സംവിധാനം ചെയുന്ന ചിത്രത്തില്‍ രണ്ട് നായികാ കഥാപാത്രങ്ങളാണുള്ളത്. രണ്ടുപേര്‍ക്കും തുല്യപ്രാധാന്യമല്ല.

നായികയായി രാകുലിനെയായിരുന്നു ആദ്യം പരിഗണിച്ചിരുന്നത്. എന്നാല്‍ പിന്നീട് സംവിധായകന്‍ സായി പല്ലവിയെ നായികയായി തീരുമാനിക്കുകയായിരുന്നു. രാകുലിന് രണ്ടാം നായികയുടെ റോളിലേക്ക് ഒതുക്കുകയും ചെയ്തു. ഇത് രാകുലിനെ വിഷമത്തിലാക്കി.

തന്റെ വേഷം സായി പല്ലവി കാരണം ഒതുങ്ങിപ്പോകുമോ എന്ന ഭയമാണ് ഇപ്പോള്‍ നടിക്ക്. തന്നെ സെക്കന്റ് ഹീറോയിന്‍ ആക്കുകയാണെങ്കില്‍ താന്‍ ഈ സിനിമയില്‍ നിന്ന് ഇറങ്ങി പോകുമെന്ന് രാകുല്‍ പറഞ്ഞതായാണ് റിപ്പോര്‍ട്ട്. ഒരു ഡമ്മി നടി ആയി അഭിനയിക്കാന്‍ താല്പര്യമില്ലെന്നും രാകുല്‍ പറഞ്ഞുവത്രേ.

ഇതിനിടെ രാകുല്‍ നായികയായി എത്തിയ ബോളിവുഡ് ചിത്രം അയ്യാരി ബോക്‌സ്ഓഫീസില്‍ തകര്‍ന്നടിഞ്ഞു. മഹേഷ് ബാബുവിന്റെ നായികയായി എത്തിയ സ്‌പൈഡറും പരാജയമായിരുന്നു. കാര്‍ത്തിയുടെ ‘തീരന്‍ അധികാരം ഒന്‍ട്രു’ എന്ന ചിത്രത്തിലെ രാകുലിന്റെ അഭിനയം ഏറെ ശ്രദ്ധനേടിയിരുന്നു.

ഈ സിനിമയുടെ വലിയ വിജയത്തോടെ കോളിവുഡില്‍ നിന്നും നിരവധി അവസരങ്ങളാണ് രാകുലിനെ തേടിയെത്തുന്നത്.
അജയ് ദേവ്ഗണിനൊപ്പം ഹിന്ദിചിത്രം, കാര്‍ത്തിരജത് ചിത്രം, ശിവകാര്‍ത്തികേയന്‍ ചിത്രം എന്നിവയാണ് രാകുലിന്റെ പുതിയ പ്രോജക്ടുകള്‍.