പരമ്പര കൊലയാളി സൈക്കോ ശങ്കര്‍ ജയിലില്‍ മരിച്ച നിലയില്‍

single-img
28 February 2018


ബംഗളൂരു: തമിഴ്നാട്ടിലും കര്‍ണാടകയിലും ഒരുകാലത്ത് ഭീതി വിതച്ച പരമ്പര കൊലയാളി സൈക്കോ ശങ്കര്‍(40) ജയിലില്‍ മരിച്ച നിലയില്‍. ബംഗളൂരു പരപ്പന അഗ്രഹാര സെന്‍ട്രല്‍ ജയിലില്‍ ചൊവ്വാഴ്ച പുലര്‍ച്ചെ രണ്ടരക്കാണ് കഴുത്തറുത്ത നിലയില്‍ രക്തത്തില്‍ കുളിച്ചുകിടന്ന ഇയാളെ കണ്ടെത്തിയത്. ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് മരിച്ചത്. 13 സ്ത്രീകളെ ബലാത്സംഗം ചെയ്ത് കൊന്ന കേസുകളില്‍ ശിക്ഷയനുഭവിച്ചുവരികയായിരുന്നു ഇയാള്‍. എം. ജയ്ശങ്കര്‍ എന്നാണ് യഥാര്‍ഥ പേര്. ജീവപര്യന്തത്തിന് ശിക്ഷിക്കപ്പെട്ട് ഏകാന്ത തടവിലായിരുന്ന ശങ്കര്‍ ആത്മഹത്യ ചെയ്തതാണെന്ന് പോലീസ് വ്യക്തമാക്കി. പരപ്പന അഗ്രഹാര പോലീസ് പ്രാഥമിക അന്വേഷണം ആരംഭിച്ചു.

സേലം കന്നിയാംപട്ടി സ്വദേശിയായ ശങ്കര്‍ ട്രക്ക് ഡൈവറായിരുന്നു. 2009 ജൂലൈ മൂന്നിന് ഹോസൂറില്‍ ഒരു സ്ത്രീയെ ബലാത്സംഗം ചെയ്ത് കൊല്ലാന്‍ ശ്രമിച്ചതാണ് ഇയാള്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്ത ആദ്യ കേസ്. രണ്ട് മാസങ്ങള്‍ക്ക് ശേഷം പെരുമണ്ണലൂരില്‍ ജയമണി എന്ന പോലീസ് കോണ്‍സ്റ്റബിളിനെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി. തമിഴ്നാട്ടിലും കര്‍ണാടകയിലുമായാണ് 13 സ്ത്രീകളെ സൈക്കോ ശങ്കര്‍ കൊന്നത്. പ്രധാനമായും ലൈംഗിക തൊഴിലാളികളെയാണ് ഇയാള്‍ ലക്ഷ്യമിട്ടത്. ഇരകളെ ഒറ്റപ്പെട്ട വയലുകളിലേക്ക് കൊണ്ടുപോയി ബലാത്സംഗം ചെയ്ത് കൊല്ലുകയായിരുന്നു രീതി.

2009 ല്‍ ആണ് ഇയാളെ പോലീസ് ആദ്യമായി പിടികൂടിയത്. 2011ല്‍ കേസിന്‍െറ വിചാരണക്കായി കോയമ്പത്തൂരിലേക്ക് കൊണ്ടുപോകവേ സേലം ബസ് സ്റ്റോപ്പില്‍ വച്ച് രക്ഷപ്പെട്ടു. ഇതേ തുടര്‍ന്ന്, ശങ്കറിനെ കൊണ്ടുപോകുന്ന ചുമതലയുണ്ടായിരുന്ന പോലീസ് കോണ്‍സ്റ്റബിള്‍ ചിന്നസ്വാമി അടുത്ത ദിവസം സ്വയം വെടിയുതിര്‍ത്ത് മരിച്ചു.

കര്‍ണാടകയിലേക്ക് രക്ഷപ്പെട്ട ശങ്കര്‍ അവിടെ ആറ് സ്ത്രീകളെയാണ് കൊന്നത്. രക്ഷപെടുന്നതിനിടയില്‍ ധര്‍മപുരിയില്‍ ഒരു പുരുഷനെയും കുട്ടിയെയും കൊന്നതായും പോലീസ് സംശയിക്കുന്നു. ഏതാനും മാസങ്ങള്‍ക്ക് ശേഷം ഒരു സ്ത്രീയെ ബലാത്സംഗം ചെയ്യാനുള്ള ശ്രമത്തിനിടയില്‍ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു. 27 വര്‍ഷം തടവ് ശിക്ഷ കിട്ടിയ ഇയാള്‍ പരപ്പര അഗ്രഹാര ജയിലില്‍ നിന്ന് 2013 ല്‍ രക്ഷപ്പെടാനുള്ള ശ്രമം നടത്തി. ആറ് ദിവസങ്ങള്‍ക്ക് ശേഷം പോലീസ് പിടിയിലാകുകയായിരുന്നു.