മൂന്നര കോടി രൂപയുടെ പുതിയ കാറുമായി പൃഥ്വിരാജ്

single-img
28 February 2018

ഇറ്റാലിയന്‍ സൂപ്പര്‍ കാര്‍ നിര്‍മാതാക്കളായ ലംബോര്‍ഗിനിയുടെ ഹുറാകാന്‍ നടന്‍ പൃഥ്വിരാജ് സ്വന്തമാക്കി. ഒരു മാസം മുമ്പ് ബുക്കുചെയ്ത കാര്‍ താരത്തിന് ഇപ്പോഴാണ് ലഭിച്ചത്. കാളിയന്‍ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങിയ ദിവസം തന്നെ കാര്‍ ലഭിച്ചത് താരത്തിനു മറ്റൊരു ആഘോഷത്തിന് വേദിയൊരുക്കി.

5000 സിസിയില്‍ 571 എച്ച്പി കരുത്തുള്ള വാഹനത്തിന് കേരളത്തില്‍ ഏതാണ്ട് നാല് കോടിയോളം രൂപ വില വരും. ടെംപററി രജിസ്‌ട്രേഷനാണ് വാഹനത്തിന് ഇപ്പോള്‍. ലംബോര്‍ഗിനിയുടെ ഏറ്റവും വിജയിച്ച മോഡലാണ് ‘ഹുറാകാന്‍’.5.2 ലീറ്റര്‍, നാച്ചുറലി ആസ്പിരേറ്റഡ് വി 10 എന്‍ജിനാണ് ഈ കാറുകള്‍ക്കു കരുത്തേകുന്നത്.

‘പെര്‍ഫോമെന്റെ’യിലെത്തുമ്പോള്‍ പരമാവധി 640 ബി എച്ച് പി കരുത്തും 600 എന്‍ എം ടോര്‍ക്കുമാണ് ഈ എന്‍ജിന്‍ സൃഷ്ടിക്കുക. ‘ഹുറാകാന്‍ എല്‍ പി 610 4’ കാറില്‍ 602 ബി എച്ച് പിയും പൃഥ്വിരാജ് സ്വന്തമാക്കിയ ‘എല്‍ പി 580 2’ല്‍ 572 ബി എച്ച് പിയുമാണ് ഈ എന്‍ജിന്‍ സൃഷ്ടിക്കുന്നത്.

എല്ലാ വകഭേദത്തിലും ഏഴു സ്പീഡ് ഇരട്ട ക്ലച്ച് ഓട്ടമാറ്റിക് ട്രാന്‍സ്മിഷനാണു ഗീയര്‍ബോക്‌സ്. പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗം കൈവരിക്കാന്‍ വെറും 3.4 സെക്കന്റ് മാത്രം വേണ്ടിവരുന്ന ഈ കാറിന്റെ പരമാവധി വേഗം 320 കിലോമീറ്ററാണ്.