പോലീസുകാര്‍ക്ക് കൈക്കൂലി: വാര്‍ത്ത പുറത്തുകൊണ്ടുവന്നയാള്‍ക്കു പാരിതോഷികം നല്‍കി പൊലീസ് ആദരിക്കും

single-img
28 February 2018

തിരുവനന്തപുരം: ചെമ്മണ്ണു ലോറി തടഞ്ഞു നിര്‍ത്തി അഡീഷനല്‍ എസ്‌ഐയും ഡ്രൈവറും കൈക്കൂലി വാങ്ങുന്ന വീഡിയോ പകര്‍ത്തി വാര്‍ത്ത പുറത്തു കൊണ്ടുവന്ന വ്യക്തിക്കു പാരിതോഷികം നല്‍കി പൊലീസ് ആദരിക്കും. ഇത്തരത്തില്‍ പൊലീസുകാരുടെ അഴിമതി പുറത്തുകൊണ്ടുവരുന്ന വ്യക്തികള്‍ക്ക് അര്‍ഹമായ പാരിതോഷികം നല്‍കുമെന്ന് റൂറല്‍ എസ്പി പി.അശോക് കുമാര്‍ അറിയിച്ചു.

അതേസമയം സംഭവത്തില്‍ കഠിനംകുളം പൊലീസ് സ്റ്റേഷനിലെ അഡീ.എസ്‌ഐ ഷിബു വി.ദാസ്, റൂറല്‍ കണ്‍ട്രോള്‍ റൂം വെഹിക്കിള്‍ ഡ്രൈവര്‍ ജി. രാജീവ് എന്നിവരെ സസ്‌പെന്‍ഡ് ചെയ്തു. ആറ്റിങല്‍ എസ്‌ഐ അനില്‍കുമാറിനായിരുന്നു അന്വേഷണ ചുമതല.

ഉദ്യോഗസ്ഥര്‍ കുറ്റക്കാരാണെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. ഇന്നലെ വൈകിട്ട് റിപ്പോര്‍ട്ട് നല്‍കി മണിക്കൂറുകള്‍ക്കകം തന്നെ നടപടി വന്നു. ദൃശ്യങ്ങളില്‍ കാണുന്ന സംഭവം കുറച്ചു നാള്‍ മുന്‍പ് നടന്നതാണെന്നും ഇപ്പോള്‍ അതിന് പ്രസക്തിയില്ലെന്നുമാണ് കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ വാദിച്ചത്.

മൊബൈല്‍ ക്യാമറയില്‍ ലോറി ഡ്രൈവര്‍ പകര്‍ത്തിയ ദൃശ്യം ഉന്നത ഉദ്യോഗസ്ഥന്‍ ഇടപെട്ടാണ് പുറത്തു വിട്ടത്. പിരിവു കുറഞ്ഞതിന് മോശമായ ഭാഷയില്‍ ഡ്രൈവറെ അപമാനിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. ഉദ്യോഗസ്ഥരെ വെള്ളപൂശാന്‍ ചിലര്‍ നടത്തിയ നീക്കത്തിനുള്ള തിരിച്ചടിയായി സസ്‌പെന്‍ഷന്‍.

പൊലീസ് നടപടി പിഴ ഈടാക്കലിന്റെ ഭാഗമാണെന്നു വരുത്തിത്തീര്‍ക്കാനായിരുന്നു ഒരു വിഭാഗം ഉദ്യോഗസ്ഥര്‍ ശ്രമിച്ചത്. വിഡിയോ ദൃശ്യം എഡിറ്റ് ചെയ്തുവെന്നു പൊലീസിലെ ചിലര്‍ തന്നെ പ്രചരിപ്പിച്ചു. ഇതിനെ ചോദ്യം ചെയ്ത നവമാധ്യങ്ങളില്‍ പോസ്റ്റുകള്‍ പ്രത്യക്ഷമായതോടെ ഉദ്യോഗസ്ഥര്‍ പിന്തിരിഞ്ഞു.