നെടുമ്പാശ്ശേരി വിമാനത്താവളത്തിലും കവര്‍ച്ച; പ്രവാസിയുടെ ബാഗ് കുത്തിതുറന്ന് ആഢംബര വാച്ച് ഉള്‍പ്പെടെയുള്ള വസ്തുക്കള്‍ മോഷ്ടിച്ചു

single-img
28 February 2018

കരിപ്പൂരിനു പിന്നാലെ നെടുമ്പാശ്ശേരി വിമാനത്താവളത്തിലും യാത്രക്കാരുടെ ബാഗുകള്‍ കുത്തിതുറന്ന് സാധനങ്ങള്‍ മോഷ്ടിക്കുന്നതായി പരാതി. ഷാര്‍ജയില്‍ നിന്ന് ഇന്നലെ വൈകിട്ട് എയര്‍ അറേബ്യ വിമാനത്തില്‍ വന്നിറങ്ങിയ ചാവക്കാട് സ്വദേശി നൗഷാദിന്റെ സാധനങ്ങളാണ് മോഷ്ടിക്കപ്പെട്ടത്.

ഷാര്‍ജയില്‍ നിന്ന് നെടുമ്പാശ്ശേരിയിലെത്തി ലഗേജ് കിട്ടിയപ്പോഴാണ് ബാഗ് കുത്തിതുറന്ന നിലയില്‍ കണ്ടതെന്ന് നൗഷാദ് പറഞ്ഞു. ബാഗ് പൂട്ട് പൊളിച്ചാണ് കവര്‍ച്ച നടത്തിയിരിക്കുന്നത്. ബന്ധുവിന് വിവാഹ സമ്മാനം നല്‍കാനായി 3500 ദിര്‍ഹം നല്‍കി വാങ്ങിയ വാച്ചടക്കം നിരവധി സാധനങ്ങള്‍ മോഷണം പോയെന്ന് നൗഷാദ് പറയുന്നു.

പരാതിപ്പെട്ടപ്പോള്‍ ഷാര്‍ജയില്‍ നിന്നായിരിക്കാം മോഷണം നടന്നതെന്ന ഒഴുക്കന്‍ മറുപടി മാത്രമാണ് വിമാന കമ്പനി അധികൃതര്‍ നല്‍കിയതെന്ന് നൗഷാദ് പറഞ്ഞു. വിമാന കമ്പനിക്കും പൊലീസിനും പരാതി നല്‍കി നടപടിക്കായി കാത്തിരിക്കുകയാണ് സിനിമ പ്രവര്‍ത്തകന്‍ കൂടിയായ നൗഷാദ്.