മെഗാസ്റ്റാറും യുവതാരങ്ങളും തീയറ്റര്‍ കീഴടക്കാന്‍ എത്തുന്നു: മാര്‍ച്ച് മാസം മലയാള പ്രേക്ഷകരെ കാത്തിരിക്കുന്നത് ഒരുപിടി ചിത്രങ്ങള്‍

single-img
28 February 2018

മാര്‍ച്ച് മാസത്തില്‍ നിരവധി മലയാള ചിത്രങ്ങളാണ് റിലീസാകുന്നത്. ഇതില്‍ ചില ചിത്രങ്ങളാകട്ടെ നീണ്ട കാത്തിരിപ്പിനൊടുവിലാണ് റിലീസ് ചെയ്യുന്നത് എന്ന പ്രത്യേകതയുമുണ്ട്. മമ്മൂട്ടി, ദുല്‍ഖര്‍ സല്‍മാന്‍, പൃഥ്വിരാജ്, ടൊവിനോ തോമസ് എന്നിവരുടെ ചിത്രങ്ങളുണ്ടെന്നതാണ് ആരാധകരെ ആവേശത്തിലാക്കുന്നത്.

12ഓളം ചിത്രങ്ങളാണ് മാര്‍ച്ച് മാസത്തെ ആഘോഷമാക്കാന്‍ തീയറ്ററുകളിലേക്ക് എത്തുന്നത്. എന്നാല്‍ ഈ ചിത്രങ്ങളുടെ റിലീസ് തീയതികള്‍ വ്യക്തമാക്കിയിട്ടില്ല. പരോള്‍, മൈ സ്‌റ്റോറി, പൂമരം, അഭിയുടെ കഥ അനുവിന്റെയും, പീരങ്കിപ്പട, ഖലീഫ, വേലക്കാരിയായിരുന്താലും നീയെന്‍ മോഹവല്ലി, മട്ടാഞ്ചേരി, വികടകുമാരന്‍, കുട്ടനാടന്‍ മാര്‍പാപ്പ, സ്വാതന്ത്ര്യം അര്‍ധരാത്രിയില്‍ തുടങ്ങിയ ചിത്രങ്ങളാണ് മാര്‍ച്ചില്‍ പ്രക്ഷേകരെ കാത്തിരിക്കുന്നത്.

ശരത് സന്ദിത്ത് സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രം പരോള്‍ മാര്‍ച്ച് 31ന് തീയറ്ററുകളിലെത്തുമെന്നാണ് റിപ്പോര്‍ട്ട്. അതേസമയം ദുല്‍ഖറും കീര്‍ത്തി സുരേഷും കേന്ദ്രകഥാപാത്രങ്ങളാകുന്ന മഹാനദിയുടെ മലയാള പതിപ്പ് മാര്‍ച്ചിലെത്തുമെന്നാണ് വിവരമെങ്കിലും തീയതി സംബന്ധിച്ച് ഇതുവരെ തീരുമാനമായിട്ടില്ല.

പൃഥ്വിരാജും പാര്‍വതിയും നായികാനായകന്‍മാരായെത്തുന്ന മൈ സ്റ്റോറി ഇതിനോടകം ശ്രദ്ധ നേടിയത് ഗാനങ്ങള്‍ക്ക് ലഭിച്ച ഡിസ് ലൈക്കുകളിലൂടെയാണ്. ചിത്രം മാര്‍ച്ച് 16ന് റിലീസ് ചെയ്യുമെന്നാണ് നിലവില്‍ ലഭിക്കുന്ന റിപ്പോര്‍ട്ട്. ടൊവിനോ ചിത്രമായ അഭിയുടെ കഥ അനുവിന്റെയും മാര്‍ച്ചിലെത്തുന്ന ചിത്രമാണ്. ചിത്രത്തില്‍ നായികയാകുന്നത് പിയ ബാജ്‌പേയിയാണ്. ബിആര്‍ വിജയലക്ഷ്മി ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

പ്രക്ഷേകര്‍ ഏറെ നാളായി കാത്തിരിക്കുന്ന ചിത്രമാണ് കാളിദാസ് ജയറാം നായകനാകുന്ന പൂമരം. എബ്രിഡ് ഷൈനിന്റെ സംവിധാനത്തിലൊരുങ്ങുന്ന ഈ ചിത്രവും മാര്‍ച്ച് 9നാണ് റിലീസ് ചെയ്യുന്നത്. റിലീസ് നിരന്തരം വൈകിയതിനെ തുടര്‍ന്ന് ട്രോളര്‍മാര്‍ ഏറ്റെടുത്ത ചിത്രമായിരുന്നു പൂമരം.

ഉണ്ണി മുകുന്ദനും ഗോകുല്‍ സുരേഷും ഒരുമിച്ചെത്തുന്ന ചിത്രമായ ഇരയും മാര്‍ച്ചിലെ ആദ്യ റിലീസായി എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. പുലിമുരുകന് ശേഷം വൈശാഖ് നിര്‍മ്മിക്കുന്ന ഇര സൈജു എസ് എസ് ആണ് സംവിധാനം ചെയ്യുന്നത്. മിയ, നിരഞ്ജന അനൂപ്, ലെന, ശങ്കര്‍ രാമകൃഷ്ണന്‍ തുടങ്ങിയവരും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. ആറ്റുകാല്‍ പൊങ്കാല ദിവസമായ മാര്‍ച്ച് രണ്ടിന് വൈകീട്ടാണ് ചിത്രത്തിന്റെ ആദ്യ പ്രദര്‍ശനം.

മാര്‍ച്ചിലെ ലിസ്റ്റിലുള്ള മറ്റ് രണ്ട് ചിത്രങ്ങളാണ് തേനീച്ചയും പീരങ്കിപ്പടയും. മോത്തി കയ്‌ക്കോറന്‍ സംവിധാനം ചെയ്യുന്ന ആദ്യ ചിത്രമായ തേനീച്ചയുടെ ഷൂട്ടിംഗ് കൂര്‍ഗിലും ബംഗളൂരുവിലുമായിരുന്നു. സിന്ധു ലോകനാഥാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

നെടുമുടി വേണു പ്രധാന കഥാപാത്രമാകുന്ന ഖലീഫും മാര്‍ച്ച് രണ്ടിന് തീയറ്ററിലെത്തും. മുബിലഖ് ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. രാഹുല്‍ മാധവിനെ നായകനാക്കി ഒരുക്കുന്ന ചിത്രമാണ് വേലക്കാരിയായിരുന്താലും നീയെന്‍ മോഹവല്ലി. ജഗതിയുടെ സൂപ്പര്‍ഹിറ്റ് ഡയലോഗിന്റെ പേരില്‍ ഇറങ്ങുന്ന ചിത്രവും മാര്‍ച്ചിലെത്തും.

ബോബന്‍ സാമുവല്‍ സംവിധാനം ചെയ്യുന്ന വികടകുമാരനാണ് തീയറ്ററുകളെ പൊട്ടിച്ചിരിപ്പിക്കാന്‍ എത്തുന്ന ഒരു ചിത്രം. കട്ടപ്പനയിലെ ഹൃത്വിക് റോഷന് ശേഷം വിഷ്ണു ഉണ്ണികൃഷ്ണനും ധര്‍മ്മജന്‍ ബോള്‍ഗാട്ടിയും ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയും ഇതിനുണ്ട്.

കുഞ്ചാക്കോ ബോബന്‍ ചിത്രമായ കുട്ടനാടന്‍ മാര്‍പാപ്പ മാര്‍ച്ച് 23ന് റിലീസ് ചെയ്യും. ചിത്രം സംവിധാനം ചെയ്യുന്നത് ശ്രീജിത്ത് വിജയനാണ്. അങ്കമാലി ഡയറീസ് നായകനായ ആന്റണി വര്‍ഗീസ് കേന്ദ്രകഥാപാത്രമാകുന്ന സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍ എന്ന സിനിമയും മാര്‍ച്ച് കാത്തിരിക്കുന്ന ചിത്രമാണ്. ടിനു പാപ്പച്ചനാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

മെഗാസ്റ്റാറും യുവതാരങ്ങളും തീയറ്റര്‍ കീഴടക്കാന്‍ എത്തുമ്പോള്‍ മാര്‍ച്ച് മാസം പ്രേക്ഷകര്‍ക്ക് ആകാംക്ഷയുടെയും ആശയക്കുഴപ്പത്തിന്റേതുമാണ്. ഏത് ചിത്രം ആദ്യം കാണുമെന്ന ആശയക്കുഴപ്പമാണ് പ്രക്ഷേകര്‍ക്ക് മുന്നിലുള്ളത്.