ബിഹാര്‍ മുന്‍ മുഖ്യമന്ത്രി ജിതന്‍ റാം മാഞ്ജി ബിജെപി സഖ്യം വിട്ടു

single-img
28 February 2018

പാറ്റ്‌ന: ബിഹാറിലെ ഭരണകക്ഷിയായ എന്‍ഡിഎയെ സമ്മര്‍ദ്ദത്തിലാക്കി മുന്‍ മുഖ്യമന്ത്രിയും ഹിന്ദുസ്ഥാനി അവാം മോര്‍ച്ച നേതാവുമായ ജിതന്‍ റാം മാഞ്ജി മുന്നണി വിട്ടു. വാഗ്ദാനം ചെയ്ത രാജ്യസഭാ സീറ്റുകള്‍ നല്‍കാത്തതില്‍ പ്രതിഷേധിച്ചാണ് മാഞ്ജി എന്‍ഡിഎ വിട്ടത്.

ആര്‍.ജെ.ഡി.നേതാവും ലാലുപ്രസാദ് യാദവിന്റെ ഭാര്യയുമായ റാബ്രി ദേവിയുമായി ഇന്ന് കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് എന്‍ഡിഎ വിടാനുള്ള തീരുമാനം മാഞ്ജി പ്രഖ്യാപിച്ചത്. ആര്‍ജെഡിയും കോണ്‍ഗ്രസും ഉള്‍പ്പെട്ട മഹാസഖ്യത്തില്‍ മാഞ്ജിയും ചേര്‍ന്നേക്കും.

മാര്‍ച്ച് 11നാണ് അരാരിയ ലോക്‌സഭാ സീറ്റിലേക്കും ജഹനാബാദ്, ഭാഭുവാ നിയമസഭാ സീറ്റുകളിലേക്കും ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. തെരഞ്ഞെടുപ്പില്‍ ജഹനാബാദ് മണ്ഡലത്തിലെ സീറ്റ് തങ്ങള്‍ക്ക് വേണമന്ന് മാഞ്ജി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഈ സീറ്റ് ജെഡിയുവിന് നല്‍കാന്‍ ബിജെപി തീരുമാനിക്കുകയായിരുന്നു.

ജെഡിയുവിലെ അഭിരാം ശര്‍മയാണ് മണ്ഡലത്തില്‍ മത്സരിക്കുന്നത്. ഇതോടെ മുന്നണി ബന്ധം അവസാനിപ്പിക്കാന്‍ മാഞ്ജി തീരുമാനിക്കുകയായിരുന്നു. ലാലുപ്രസാദ് യാദവിന്റെ മകന്‍ തേജസ്വി യാദവിനൊപ്പം എത്തിയാണ് മാഞ്ജി എന്‍ഡിഎ വിടുന്ന കാര്യം പ്രഖ്യാപിച്ചത്.

എന്റെ മാതാപിതാക്കളുടെ പഴയ സുഹൃത്താണ് മാഞ്ജിയെന്ന് തേജസ്വി യാദവ് പറഞ്ഞു. ജനതാദള്‍യു നേതാവായിരുന്ന മാഞ്ജി 2015ല്‍ പുറത്താക്കപ്പെട്ടതിനെ തുടര്‍ന്നാണ് എച്ച്എഎം രൂപീകരിച്ചത്. തുടര്‍ന്നു നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി മുന്നണിയില്‍ ചേരുകയായിരുന്നു.