മധ്യപ്രദേശില്‍ ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് ജയം

single-img
28 February 2018


ഭോപ്പാല്‍: മധ്യപ്രദേശില്‍ ഭരണകക്ഷിയായ ബി.ജെ.പിക്ക് തിരിച്ചടി നല്‍കി ഉപതെരഞ്ഞെടുപ്പ് നടന്ന രണ്ട് നിയമസഭ സീറ്റും കോണ്‍ഗ്രസ് നിലനിര്‍ത്തി. സിറ്റിങ് എം.എല്‍.എമാരുടെ മരണത്തെ തുടര്‍ന്ന് കൊളറസ്, മുംഗോലി മണ്ഡലങ്ങളിലേക്ക് കഴിഞ്ഞ ആഴ്ച നടന്ന തെരഞ്ഞെടുപ്പിന്‍െറ ഫലം ഇന്ന് വൈകുന്നേരത്തോടെയാണ് അറിഞ്ഞത്. കൊളറസില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മഹേന്ദ്ര സിങ് യാദവ് ആദ്യ റൗണ്ട് മുതല്‍ നേടിയ ലീഡ് നിലനിര്‍ത്തി 8000 വോട്ടിന്‍െറ ഭൂരിപക്ഷത്തില്‍ ജയിച്ചു. ബി.ജെ.പിയുടെ ദേവേന്ദ്ര ജെയ്നിനെ ആണ് കോണ്‍ഗ്രസ് രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയത്.

മുംഗോലിയില്‍ ബ്രജേന്ദ്ര സിങ് യാദവ് ആണ് കോണ്‍ഗ്രസിന്‍െറ സീറ്റ് നിലനിര്‍ത്തിയത്. ബി.ജെ.പി സ്ഥാനാര്‍ഥിക്കെതിരെ 2,124 വോട്ടിന്‍െറ ഭൂരിപക്ഷത്തിലാണ് ജയം സ്വന്തമാക്കിയത്. എന്നാല്‍, കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 20,765 വോട്ടിന് ജയിച്ച മണ്ഡലത്തില്‍ ഭൂരിപക്ഷം വലിയതോതില്‍ താഴ്ന്നു. ലീഡ് നില മാറിമറിഞ്ഞ പോരാട്ടത്തിനൊടുവിലാണ് ബി.ജെ.പിയുടെ ബായ് സാഹബ് യാദവിനെ ബ്രജേന്ദ്ര സിങ് യാദവ് തോല്‍പ്പിച്ചത്.

സത്യത്തിന്‍െറയും വികസനത്തിന്‍െറയും ജയം എന്നാണ് കോണ്‍ഗ്രസ് നേതാവ് ജ്യോതിരാധിത്യ സിന്ധ്യ വിജയത്തിനോട് പ്രതികരിച്ചത്.