അട്ടപ്പാടിയിലെ മധുവിന്റെ കൊലപാതകം: ഹൈക്കോടതി അമിക്കസ് ക്യൂറിയെ നിയോഗിച്ചു

single-img
28 February 2018

കൊച്ചി: പാലക്കാട് അട്ടപ്പാടിയില്‍ ആള്‍ക്കൂട്ട മര്‍ദനത്തിനിരയായി കൊല്ലപ്പെട്ട മധുവിന്റെ മരണത്തില്‍ കോടതി അമിക്കസ്‌ക്യൂറിയെ നിയമിച്ചു. സംഭവത്തില്‍ സ്വമേധയാ എടുത്ത കേസിലാണ് നിയമനം. പൊതുതാല്‍പര്യം മുന്‍നിര്‍ത്തി ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് കെ. സുരേന്ദ്രമോഹന്‍ നല്‍കിയ കത്ത് ഹര്‍ജിയായി കണ്ടാണ് കോടതി കേസെടുത്തത്.

പി.ദീപക്കാണ് അമിക്കസ് ക്യൂറി. 15 ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കാന്‍ സ്റ്റേറ്റ് അറ്റോര്‍ണിയോട് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം, കേസ് സര്‍ക്കാരിനെതിരായല്ലെന്നും ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി. കോടതി ഈ വിഷയത്തെ വളരെ ഗൗരവത്തോടെയാണ് കാണുന്നതെന്ന് ചീഫ് ജസ്റ്റിസ് അഭിപ്രായപ്പെട്ടു.

ക്രിമിനല്‍കുറ്റമാണ് നടന്നിരിക്കുന്നതെന്നും കോടതി നിരീക്ഷിച്ചു. ആദിവാസി ക്ഷേമ പദ്ധതികളുടെ കാര്യക്ഷമത ഉറപ്പാക്കണമെന്ന് കോടതി നിര്‍ദേശിച്ചു. അതേസമയം നൂറ് ശതമാനം സാക്ഷരതയില്‍ അഭിമാനിക്കുന്ന സംസ്ഥാനത്തിന് നാണക്കേടും പൊതുസമൂഹത്തിനു തീരാകളങ്കവുമാണ് ഈ സംഭവമെന്ന് കത്തില്‍ ജ.സുരേന്ദ്ര മോഹന്‍ ചൂണ്ടിക്കാട്ടി.

സമൂഹ മനഃസാക്ഷിയെ അലോസരപ്പെടുത്തുന്ന ഈ സംഭവത്തില്‍ തിരുത്തല്‍ നടപടികള്‍ക്ക് കോടതി ഇടപെട്ടാലേ കഴിയൂ എന്നും അദ്ദേഹം പറഞ്ഞു. ആദിവാസി യുവാവിന് ഭക്ഷ്യസാമഗ്രികള്‍ മോഷ്ടിക്കേണ്ടി വന്നത് അവര്‍ക്കായുള്ള പദ്ധതികള്‍ ഫലം കാണുന്നില്ലെന്നതിന്റെ തെളിവാണ്.

ഗുണഭോക്താക്കള്‍ക്കു പ്രയോജനം കിട്ടുന്നവിധത്തില്‍ പദ്ധതി നടത്തിപ്പ് മാറ്റിയെടുക്കണം. സാക്ഷര സമൂഹത്തിലെ വിദ്യാസമ്പന്നര്‍ക്കു യോജിച്ച കാര്യങ്ങളല്ല നാട്ടില്‍ നടന്നത്. ചെറിയ അളവില്‍ അരിയും ഭക്ഷണസാമഗ്രികളും മോഷ്ടിച്ചെന്ന് ആരോപിച്ച് ആള്‍ക്കൂട്ടം യുവാവിനെ മര്‍ദിച്ചെന്നാണ് പുറത്ത് വരുന്ന വിവരങ്ങള്‍. ആദിവാസികളെ മറ്റുള്ളവര്‍ എങ്ങനെ കാണുന്നു എന്നതിന്റെ ഉദാഹരണമാണിതെന്നും കത്തില്‍ പറയുന്നു.

ആള്‍ക്കൂട്ടം നിയമം കൈയിലെടുത്ത സംഭവത്തെ ഗൗരവമായി തന്നെ കാണണം. പൊലീസിന്റെ ഭാഗത്തും വീഴ്ചയുണ്ടായിട്ടുണ്ട്. ഇത്തരം സംഭവങ്ങള്‍ ഇനിയും ആവര്‍ത്തിക്കാതിരിക്കാന്‍ കോടതി നിര്‍ദേശിക്കണം. സംഭവത്തെ കുറിച്ച് സമഗ്രവും ഫലപ്രദമായ അന്വേഷണവും വിചാരണയും നടത്തണം. മധുവിന്റെ ആശ്രിതര്‍ക്ക് മതിയായ നഷ്ടപരിഹാരം ഉറപ്പാക്കണമെന്നും കത്തില്‍ ആവശ്യപ്പെടുന്നു.