കോഴിക്കോട് ബൈക്കിലെത്തി വീട്ടിലേക്ക് ബോംബെറിഞ്ഞ യുവാക്കള്‍ അറസ്റ്റില്‍

single-img
28 February 2018

കോഴിക്കോട് നാദാപുരത്ത് ബൈക്കിലെത്തി വീട്ടിലേക്ക് പൈപ്പ് ബോംബെറിഞ്ഞ സംഭവത്തില്‍ രണ്ട് യുവാക്കള്‍ അറസ്റ്റില്‍. വളയം ചെറുമോത്ത് പള്ളിമുക്ക് സ്വദേശി പോണ്ടീന്റെവിട മുഹമ്മദ് ഇര്‍ഫാന്‍, വളയം സ്വദേശി പലോള്ളതില്‍ മുഹമ്മദ് ഫൈസല്‍ എന്നിവരെയാണ് വളയം എസ്‌ഐ പി.എല്‍. ബിനുലാല്‍ അറസ്റ്റ് ചെയ്തത്.

വളയംകുയ്‌തേരി പളളിമുക്കിലെ മങ്ങാരത്ത് മുഹമ്മദിന്റെ ജേഷ്ഠന്റെ നിര്‍മ്മാണത്തിലിരിക്കുന്ന വീടിന് നേര്‍ക്കാണ് ബോംബേറുണ്ടായത്. വീടിന്റെ തറയില്‍ വീണ പൈപ്പ് ബോംബ് ഉഗ്രശബ്ദത്തില്‍ പൊട്ടിത്തെറിക്കുകയായിരുന്നു. തറയ്ക്കും കേട് പാട് സംഭവിച്ചു.

വീട്ടുപറമ്പില്‍ നിന്ന് സ്‌ഫോടനത്തെ തുടര്‍ന്ന് പൊട്ടിത്തെറിച്ച പിവിസി പൈപ്പിന്റെ അവശിഷ്ടങ്ങള്‍ പോലീസ് കണ്ടെത്തി. സ്‌ഫോടനത്തെ തുടര്‍ന്ന് അയല്‍വാസിയായ യുവാവ് പ്രതികള്‍ ഓടി പോവുന്നത് കണ്ടതിനെ തുര്‍ന്ന് പോലീസില്‍ വിവരമറിയിക്കുകയായിരുന്നു.

തുടര്‍ന്ന് സംശയം തോന്നിയ പ്രതികളെ സ്റ്റേഷനില്‍ വിളിച്ച് വരുത്തി ചോദ്യം ചെയ്തപ്പോള്‍ കുറ്റം സമ്മതിക്കുകയായിരുന്നു. സംഭവത്തില്‍ ഉള്‍പ്പെട്ട പ്രായപൂര്‍ത്തിയാകാത്ത മറ്റൊരു പ്രതി ഒളിവിലാണ്. കഴിഞ്ഞ ഏഴിന് വൈകിട്ട് അഞ്ചിന് വളയം കുയ്‌തേരി റോഡില്‍ പള്ളിമുക്കില്‍ ലഹരി വസ്തുക്കള്‍ ഉപയോഗിച്ചെന്ന് ആരോപിച്ച് ഒരു സംഘമാളുകള്‍ യുവാക്കളെ അക്രമിച്ച് പരിക്കേല്‍പ്പിച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചയാണ് ബോംബേറെന്ന് പോലീസ് പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ രണ്ടാഴ്ചത്തേക്ക് റിമാന്റ് ചെയ്തു.