ഐപിഎല്ലില്‍ ഡി.ആര്‍.എസ് അവതരിപ്പിക്കാന്‍ ബി.സി.സി.ഐ അനുമതി

single-img
28 February 2018

ന്യൂഡല്‍ഹി: ഇനി ഐ.പി.എല്ലിലും ഡിസിഷന്‍ റിവ്യൂ സിസ്റ്റം (ഡി.ആര്‍.എസ്). ഈ സീസണ്‍ മുതല്‍ ഐ.പി.എല്ലില്‍ ഡി.ആര്‍.എസ് അവതരിപ്പിക്കാന്‍ ബി.സി.സി.ഐ അനുമതി നല്‍കി. അമ്പയര്‍മാരുടെ തീരുമാനം തൃപ്തികരമല്ലെങ്കില്‍ അത് പുനപരിശോധിക്കാന്‍ ടീമുകള്‍ക്ക് അവസരമൊരുക്കുന്ന സംവിധാനമാണ് ഡിസിഷന്‍ റിവ്യൂ സിസ്റ്റം.

ഫീല്‍ഡ് അമ്പയര്‍മാരുടെ പിഴവുകള്‍ കഴിഞ്ഞ ഐപിഎല്ലുകളില്‍ കൂടുതലായി ആവര്‍ത്തിച്ചിരുന്നതിനാല്‍ അന്നേ ഡിആര്‍എസ് സിസ്റ്റത്തിനായി ടീമുകള്‍ ആവശ്യമുന്നയിച്ചിരുന്നു. എന്നാല്‍ അന്ന് ഡിആര്‍എസിന് അനുകൂലമായ തീരുമാനം ബിസിസിഐ കൈക്കൊണ്ടിരുന്നില്ല.

ഇതിനോട് കടുത്ത എതിര്‍പ്പായിരുന്നു ഇന്ത്യ സ്വീകരിച്ചിരുന്നത്. എന്നാല്‍ മികച്ച സാങ്കേതിക വിദ്യകളെല്ലാം ക്രിക്കറ്റില്‍ ഉപയോഗിക്കുമ്പോള്‍ ഡി.ആര്‍.എസിനെ മാത്രം പുറത്തിരുത്തേണ്ട ആവശ്യമില്ലെന്ന് ബി.സി.സി.ഐയിലെ ഉദ്യോഗസ്ഥന്‍ ദേശീയ മാധ്യമത്തിനോട് പ്രതികരിച്ചു.

ഇംഗ്ലണ്ടിനെതിരെ രാജ്‌കോട്ടില്‍ നടന്ന ടെസ്റ്റിലായിരുന്നു ഇന്ത്യ ആദ്യമായി ഡി.ആര്‍.എസ് ഉപയോഗിച്ചത്. കഴിഞ്ഞ ഡിസംബറില്‍ പത്ത് അമ്പയര്‍മാരെക്കൂടി ബി.സി.സി.ഐ അമ്പയറിങ് പാനലിലേക്ക് തിരഞ്ഞെടുത്തിരുന്നു. ഐ.പി.എല്ലില്‍ ഡി.ആര്‍.എസ് ഉപയോഗിക്കുന്നത് മുന്നില്‍കണ്ടാണിത്.

ഐ.സി.സിയുടെ അമ്പയര്‍മാരുടെ പരിശീലകന്‍ ഡെനീസ് ബേര്‍ണസും ഓസ്‌ട്രേലിയന്‍ അമ്പയറായ പോള്‍ റെയ്‌ഫെലും ചേര്‍ന്നാണ് ഇവര്‍ക്ക് പരിശീലനം നല്‍കുന്നത്.