മദ്യലഹരിയില്‍ ഒമ്പത് വിദ്യാര്‍ഥികളെ വാഹനമിടിച്ച് കൊന്ന കേസില്‍ ബി.ജെ.പി നേതാവ് കീഴടങ്ങി

single-img
28 February 2018


പട്ന: ഒമ്പത് സ്കൂള്‍ വിദ്യാര്‍ഥികളെ എസ്.യു.വി കൊണ്ട് ഇടിച്ചുകൊന്ന കേസില്‍ ആരോപണ വിധേയനായ ബി.ജെ.പി നേതാവ് പോലീസില്‍ കീഴടങ്ങി. ബീഹാറിലെ മുസഫര്‍പൂരില്‍ ശനിയാഴ്ച ഉണ്ടായ അപകടത്തിലാണ് ഒമ്പത് വിദ്യാര്‍ഥികള്‍ ദാരുണമായി കൊല്ലപ്പെട്ടത്. സംഭവത്തില്‍ മനോജ് ബെയ്ത എന്ന നേതാവാണ് ഇന്ന് പോലീസില്‍ കീഴടങ്ങിയത്. സംഭവം സംസ്ഥാനത്ത് വന്‍ രാഷ്ട്രീയ വിവാദമായതിനെ തുടര്‍ന്ന് ബി.ജെ.പി ബെയ്തയെ സസ്പെന്‍ഡ് ചെയ്തിരുന്നു. പ്രതിഷേധം കെട്ടടങ്ങാതെ വന്നതോടെ കീഴടങ്ങാന്‍ ബി.ജെ.പി സംസ്ഥാന നേതൃത്വം ഇയാളോട് ആവശ്യപ്പെടുകയായിരുന്നു.

മദ്യലഹരിയിലായിരുന്ന ബെയ്ത ഓടിച്ച ബൊലേറോ വണ്ടിയിടിച്ച് ഒമ്പത് കുട്ടികള്‍ക്ക് ജീവന്‍ നഷ്ടമായതിനൊപ്പം 20 ഓളം കുട്ടികള്‍ക്കാണ് സാരമായി പരുക്കേറ്റത്. മുസഫര്‍പൂരിലെ സര്‍ക്കാര്‍ സ്കൂളിന് പുറത്തായിരുന്നു നാടിനെ നടുക്കിയ ദുരന്തം നടന്നത്. അപകടത്തിന് പിന്നാലെ ഇയാള്‍ രക്ഷപ്പെടുകയായിരുന്നു. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും ആര്‍.ജെ.ഡിയും സംഭവത്തില്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനെ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു. പ്രതിയെ സംരക്ഷിക്കുന്നു എന്നായിരുന്നു ആരോപണം. ബെയ്തയെ സസ്പെന്‍ഡ് ചെയ്തതിന് പിന്നാലെ, ഇയാള്‍ക്ക് പാര്‍ട്ടിയില്‍ സ്ഥാനമാനങ്ങളൊന്നും ഉണ്ടായിരുന്നില്ല പന്ന വിശദീകരണവുമായി ബി.ജെ.പി രംഗത്തെത്തി.

കീഴടങ്ങിയ ബെയ്തയെ അറസ്റ്റ് രേഖപ്പെടുത്തിയതിന് ശേഷം പട്നയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തില്‍ ഇയാള്‍ക്കും പരിക്കേറ്റിരുന്നു. പ്രതിഷേധം ഭയന്നാണ് മുസഫര്‍പൂരിലെ ആശുപത്രിയില്‍ കൊണ്ടുപോകാതെ പട്നയിലേക്ക് കൊണ്ടുപോയത്. ബെയ്തയെ പിന്നീട് കോടതിയില്‍ ഹാജരാക്കും.