പുനലൂരിലെ പ്രവാസിയുടെ ആത്മഹത്യ; എ.ഐ.വൈ.എഫ് നേതാവ് അറസ്റ്റില്‍

single-img
28 February 2018

പുനലൂര്‍: എഐവൈഎഫ് പ്രവര്‍ത്തകര്‍ കൊടി നാട്ടി വര്‍ക്ക് ഷോപ്പ് നിര്‍മാണം തടസ്സപ്പെടുത്തിയതിനെ തുടര്‍ന്ന് പ്രവാസി ആത്മഹത്യ ചെയ്ത സംഭവത്തില്‍ എഐവൈഎഫ് നേതാവ് അറസ്റ്റില്‍. കുന്നിക്കോട് മണ്ഡലം പ്രസിഡന്റ് എം എസ് ഗിരീഷിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

ഐക്കരക്കോണം ആലുവിള വീട്ടില്‍ സുഗതന്‍(64)ആണ് കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്തത്. നിര്‍മാണം നടക്കുന്ന വര്‍ക്ക്‌ഷോപ്പിനു മുന്നില്‍ എഐവൈഎഫ് പ്രവര്‍ത്തകര്‍ കൊടികുത്തി നിര്‍മാണം തടസ്സപ്പെടുത്തിയതില്‍ മനംനൊന്താണ് സുഗതന്‍ തൂങ്ങിമരിച്ചതെന്നാണ് ആരോപണം.

സുഗതന്റെ വര്‍ക്ക് ഷോപ്പിനു മുന്നില്‍ കൊടികുത്തുന്നതിന് നേതൃത്വം നല്‍കിയത് ഗിരീഷ് ആയിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് എ ഐ വൈ എഫ് പ്രവര്‍ത്തര്‍ ഒളിവിലാണ്. വര്‍ഷങ്ങളായി മസ്‌കറ്റില്‍ ജോലി ചെയ്യുകയായിരുന്ന സുഗതന്‍ രണ്ടുമാസം മുമ്പാണ് നാട്ടിലെത്തിയത്.

തുടര്‍ന്ന് നാട്ടില്‍ ഗാരേജ് സ്ഥാപിക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഇതിനായി വിളക്കുടി പഞ്ചായത്തിലെ ഇളമ്പലില്‍ സ്ഥലം കണ്ടെത്തുകയും വര്‍ക്ക് ഷോപ്പിന്റെ പണി ആരംഭിക്കുകയും ചെയ്തു. ഈ സമയത്താണ് സിപിഐ, എഐവൈഎഫ് പ്രവര്‍ത്തകര്‍ സ്ഥലത്ത് കൊടികുത്തി നിര്‍മാണം തടസ്സപ്പെടുത്തിയത്.

വയല്‍ ആയതിനാല്‍ നിര്‍മാണപ്രവര്‍ത്തനം അനുവദിക്കില്ലെന്നും ഇവര്‍ സുഗതന് മുന്നറിയിപ്പ് നല്‍കിയിരുന്നു. വര്‍ക്ക് ഷോപ്പിന്റെ നിര്‍മാണം കൊടി കുത്തി തടസ്സപ്പെടുത്തിയതിനെ തുടര്‍ന്നാണ് സുഗതന്‍ ജീവനൊടുക്കിയതെന്ന് മക്കള്‍ പോലീസിന് മൊഴി നല്‍കിയിരുന്നു.