അബുദാബിയിലെ കലാവേദികളില്‍ വിസ്മയം തീര്‍ത്ത് വര്‍ക്കല സ്വദേശി വിഷ്ണു

single-img
27 February 2018

അബുദാബി: അബുദാബിയിലെ കലാ വേദികളില്‍ സംഗീത വിസ്മയം തീര്‍ക്കുകയാണ് തിരുവനന്തപുരം വര്‍ക്കല സ്വദേശി വിഷ്ണു മോഹന്‍ദാസ്. കഥാപ്രസംഗ കലാകാരനായ അച്ഛന്റെ കലാ പാരമ്പര്യത്തിലൂടെയും, സംഗീത പ്രേമിയായ അമ്മയുടെ പ്രോത്സാഹനത്തിലൂടെയും സംഗീത മേഖലയില്‍ വിജയിച്ച ആളാണ് വിഷ്ണു മാഷ്.

വിഷ്ണു മാഷിന് സംഗീതമാണ് എല്ലാം. കുട്ടികളും മുതിര്‍ന്നവരുമായി നൂറിലേറെ ശിഷ്യഗണങ്ങള്‍ ഉണ്ട് വിഷ്ണുമാഷിന്. ആയിരത്തില്‍ അധികം വേദികളില്‍ സംഗീത വിസ്മയം തീര്‍ത്തിട്ടുള്ള വിഷ്ണുമാഷ്, വിവിധ കാസറ്റുകള്‍ക്കായി പത്തോളം ഭക്തി ഗാനങ്ങളും പാടിയിട്ടുണ്ട്.

സ്വാതി തിരുനാള്‍ സംഗീത കോളേജിലെ കര്‍ണ്ണാടക സംഗീത പഠനത്തിന് ശേഷം പ്രമുഖ സംഗീതജ്ഞനായ വെണ്‍കുളം പുരുഷോത്തമന്‍ മാഷിന്റെ കീഴില്‍ പത്തുവര്‍ഷം ശാസ്ത്രീയ സംഗീതം അഭ്യസിച്ചു. തുടര്‍ന്ന് നിരവധി കച്ചേരികള്‍ നടത്തി. ഗാനമേള വേദികളില്‍ ക്ലാസ്സിക്കല്‍ പാട്ടുകള്‍ക്ക് പ്രാമുഖ്യം കൊടുക്കുന്ന വിഷ്ണു മാഷ് മികച്ച ഒരു വയലിനിസ്റ്റ് കൂടിയാണ്.

സംഗീതം ആത്മാവിലേറ്റിയ വിഷ്ണു മോഹന്‍ദാസ് എന്ന വിഷ്ണു മാഷിന്റെ ആഗ്രഹം തന്റെ സംഗീത അഭിരുചി മറ്റുള്ളവര്‍ക്ക് പകര്‍ന്നു കൊടുക്കുക എന്നതു തന്നെയാണ്.