യുഎഇയില്‍ ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്

single-img
27 February 2018

അടുത്ത മൂന്നു ദിവസം യുഎഇയില്‍ മഴയും പൊടി നിറഞ്ഞ കാലാവസ്ഥയും അനുഭവപ്പെടുമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. പൊടിപടലം തിങ്ങിയ അവസ്ഥയിലും മഴയിലും റോഡിലൂടെ സഞ്ചരിക്കുന്ന എല്ലാ വാഹന ഡ്രൈവര്‍മാരും ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.

രാജ്യത്തെ മലയോര മേഖലകളിലും അടിവാരങ്ങളിലും താമസിക്കുന്നവര്‍ മഴവെള്ളം കുത്തിയൊലിച്ചെത്താനുള്ള സാധ്യതയുള്ളതിനാല്‍ പ്രത്യേക ശ്രദ്ധയും സുരക്ഷാ മുന്‍കരുതലും സ്വീകരിക്കണം. അറേബ്യന്‍ ഗള്‍ഫിലും ഒമാന്‍ സമുദ്ര തീരങ്ങളിലും കടല്‍ക്ഷോഭത്തിനുള്ള സാധ്യതയുള്ളതിനാല്‍ അസ്ഥിര കാലാവസ്ഥയെ അതിജീവിക്കാന്‍ തയാറെടുക്കണം.

മല്‍സ്യ ബന്ധനത്തിനു പോകരുതെന്നും സമുദ്രയാത്ര ഒഴിവാക്കണമെന്നും നിര്‍ദേശമുണ്ട്. സൗദി അറേബ്യയില്‍നിന്ന് യുഎഇയിലേക്ക് കാര്‍മേഘങ്ങള്‍ വരുന്നത് കാലാവസ്ഥയില്‍ ഗണ്യമായ മാറ്റമുണ്ടാക്കുമെന്നും കേന്ദ്രം അറിയിച്ചു. യുഎഇയിലെ തീരപ്രദേശങ്ങളിലും നാളെ മുതല്‍ വെള്ളിയാഴ്ചവരെ മഴയുണ്ടാകുമെന്നും മുന്നറിയിപ്പുണ്ട്.