ഐ.ഐ.ടി മദ്രാസില്‍ തമിഴ് ദേശീയ ഗീതം പാടാത്തതിനെ ചൊല്ലി വിവാദം; ന്യായീകരിച്ച് ബി.ജെ.പി

single-img
27 February 2018


ചെന്നൈ: ഐ.ഐ.ടി മദ്രാസില്‍ നടന്ന പരിപാടിയില്‍ തമിഴ് ദേശീയ ഗീതം പാടാത്തതിനെ ചൊല്ലി തമിഴ് നാട്ടില്‍ വന്‍ വിവാദം. ഭരണകക്ഷിയായ എ.ഐ.എ.ഡി.എം.കെ ഉള്‍പ്പെടെ വിമര്‍ശനവുമായി രംഗത്തെത്തി. തിങ്കളാഴ്ച കാമ്പസില്‍ നടന്ന, നാഷണല്‍ ടെക്നോളജി സെന്‍റര്‍ ഫോര്‍ പോര്‍ട്സ്, വാട്ടര്‍വെയ്സ്, കോസ്റ്റ്സ് കെട്ടിടത്തിന്‍െറ കല്ലിടല്‍ ചടങ്ങാണ് വിവാദമായത്. കേന്ദ്ര മന്ത്രിമാരായ നിതിന്‍ ഗഡ്കരി, പൊന്‍ രാധാകൃഷ്ണന്‍ എന്നിവര്‍ പങ്കെടുത്ത പരിപാടിയുടെ ആരംഭത്തില്‍ തമിഴ് തായ് വാഴ്ത്തിന് പകരം ‘മഹാ ഗണപതി മനസാ സ്മരാമി’ എന്ന സംസ്കൃത ഗാനമാണ് ആലപിച്ചത്.

ഇത് തീര്‍ത്തും തെറ്റാണെന്ന വിമര്‍ശനമാണ് എ.ഐ.എ.ഡി.എം.കെ ഉയര്‍ത്തിയത്. പാരമ്പര്യത്തെ തള്ളിക്കളയുന്നത് സര്‍ക്കാര്‍ അംഗീകരിക്കില്ലെന്ന് പാര്‍ട്ടി മുതിര്‍ന്ന നേതാവും ഫിഷറീസ് മന്ത്രിയുമായ ഡി.ജയകുമാര്‍ പറഞ്ഞു. ‘‘സംസ്ഥാനത്തിന്‍െറയോ കേന്ദ്രത്തിന്‍െറയോ സ്ഥാപനമാകട്ടെ, തമിഴ് തായ് വാഴുത്തും ദേശീയ ഗാനവും പരിപാടികളില്‍ പാടുന്നത് പാരമ്പര്യമാണ്. പാരമ്പര്യങ്ങളെ പുറംതള്ളുന്ന ഇത്തരം പ്രവര്‍ത്തികള്‍ അമ്മ(ജയലളിത) സര്‍ക്കാര്‍ ഒരിക്കലും അംഗീകരിക്കില്ല. ഇത് തീര്‍ത്തും തെറ്റും അപലപനീയവുമാണ്. ഐ.ഐ.ടി മാനേജ്മെന്‍റിന്‍െറ വിശദീകരണം സ്വീകാര്യമല്ല. ’’-മന്ത്രി പറഞ്ഞു. സംസ്കൃതത്തെക്കാള്‍ മുമ്പുള്ള ഭാഷയാണ് തമിഴ് എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞതും മന്ത്രി ജയകുമാര്‍ ഓര്‍മ്മിപ്പിച്ചു. എ.ഐ.എ.ഡി.എം.കെയെ കൂടാതെ പ്രതിപക്ഷ കക്ഷികളായ ഡി.എം.കെ, എം.ഡി.എം.കെ തുടങ്ങിയ പാര്‍ട്ടികളും വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. തമിഴ്നാട് സര്‍ക്കാരിന്‍െറ ഒൗദ്യോഗിക ഗാനമാണ് മനോന്മണീയം സുന്ദരം പിള്ള രചിച്ച തമിഴ് തായ് വാഴ്ത്ത്. ഈ ഗാനം ആലപിച്ചാണ് സംസ്ഥാനത്ത് സര്‍ക്കാര്‍ പരിപാടികള്‍ ആരംഭിക്കാറുള്ളത്.

ഗാനമാലപിക്കുന്നത് സംബന്ധിച്ച് വിദ്യാര്‍ഥികള്‍ക്ക് നിര്‍ദ്ദേശമൊന്നും നല്‍കിയിരുന്നില്ലെന്ന് ഐ.ഐ.ടി(എം) ഡയറക്ടര്‍ ഭാസ്കര്‍ രാമമൂര്‍ത്തി വിശദീകരിച്ചു. ഇത്തരം പരിപാടികളില്‍ ആരംഭ ഗാനം തെരഞ്ഞെടുക്കുന്നതും ആലപിക്കുന്നതും വിദ്യാര്‍ഥികളാണെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, സംസ്കൃത ഗീതം ആലപിച്ചതിനെ വിമര്‍ശിക്കുന്നവര്‍ക്കെതിരെ ബി.ജെ.പി സംസ്ഥാന ഘടകം രംഗത്തെത്തി. ഭാഷയെ ഉപയോഗിച്ച് രാഷ്ട്രീയം കളിക്കുന്നവരെ ജനങ്ങള്‍ തിരിച്ചറിയുമെന്നാണ് ബി.ജെ.പി സംസ്ഥാന പ്രസിഡന്‍റ് തമിഴിസൈ സൗന്ദര്‍രാജന്‍ പറഞ്ഞത്.