സ്‌കൂളില്‍ പോകാതിരുന്നതിന് കുട്ടിയെ ഇലക്ട്രിക് പോസ്റ്റില്‍ കെട്ടിയിട്ടു; പിതാവിനെതിരേ കേസ്

single-img
27 February 2018

സ്‌കൂളില്‍ പോകാന്‍ മടികാണിച്ച മകനെ അച്ഛന്‍ പൊരിവെയിലത്ത് ഇലക്ട്രിക് പോസ്റ്റില്‍ കെട്ടിയിട്ടു. തെലങ്കാനയിലെ ബദ്രാചലത്തിലാണ് സംഭവം. കമലാപൂര്‍ ആദര്‍ശ ഹൈസ്‌കൂളിലെ ആറാംക്ലാസ് വിദ്യാര്‍ത്ഥിയായ ഖോല്ലയെയാണ് അച്ഛന്‍ കെട്ടിയിട്ട് പീഡിപ്പിച്ചതെന്ന് പോലീസ് പറയുന്നു.

കുട്ടിയെ ഇലക്ട്രിക് പോസ്റ്റില്‍ കെട്ടിയിട്ടതിന്റെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടതോടെയാണ് വിവരം പുറത്തറിയുന്നത്. കഴിഞ്ഞ ഒരാഴ്ചയായി ഖോല്ല സ്‌കൂളില്‍ പോകുന്നുണ്ടായിരുന്നില്ല. ഇത് അച്ഛന്‍ ചോദ്യം ചെയ്യുകയും പിന്നീട് പോസ്റ്റില്‍ കെട്ടിയിടുകയുമായിരുന്നു.

സംഭവത്തെ തുടര്‍ന്ന് തെലങ്കാനയിലെ ബാലാവകാശ സംഘടനയായ ബാലാല ഹക്കുള സംഘം ജില്ലാ ഭരണകൂടത്തെ വിവരമറിയിച്ചു. ഔദ്യോഗിക സംഘം ഗ്രാമത്തില്‍ എത്തി സംഭവത്തെക്കുറിച്ചുള്ള വിവരങ്ങള്‍ അന്വേഷിച്ചുവരികയാണ്. കുട്ടിയെ മാതാപിതാക്കളില്‍ നിന്ന് മാറ്റി ഹോസ്റ്റലിലാക്കണമെന്ന് ബാലാവകാശ സംഘടന ആവശ്യപ്പെട്ടിട്ടുണ്ട്.