ആറ്റുകാല്‍ പൊങ്കാല കുത്തിയോട്ടത്തിനെതിരെ ഡി.ജി.പി ആര്‍. ശ്രീലേഖ

single-img
27 February 2018

ആറ്റുകാല്‍ പൊങ്കാലയുടെ ഭാഗമായ കുത്തിയോട്ടത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി ഡി.ജി.പി ആര്‍. ശ്രീലേഖ. കുത്തിയോട്ടം ആണ്‍കുട്ടികളോടുള്ള ശാരീരികവും മാനസികവുമായ പീഡനമാണെന്ന് ശ്രീലേഖ അഭിപ്രായപ്പെട്ടു. കുട്ടികളുടെ അനുമതി പോലുമില്ലാതെയാണ് മാതാപിതാക്കളും ക്ഷേത്രം ഭാരവാഹികളും ചേര്‍ന്ന് കുട്ടികളെ പീഡിപ്പിക്കുന്നത്.

കുത്തിയോട്ടത്തെ കുട്ടികളുടെ തടവറയെന്ന് വേണമെങ്കില്‍ വിശേഷിപ്പിക്കാമെന്നും ജയില്‍മേധാവിയായ ശ്രീലേഖ സ്വകാര്യ ബ്‌ളോഗിലെ ലേഖനത്തില്‍ അഭിപ്രായപ്പെട്ടു. നിയമപ്രകാരം ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് കുത്തിയോട്ടം. ഉത്സവത്തില്‍ നിന്ന് കുത്തിയോട്ടത്തെ ഒഴിവാക്കണമെന്നും ശ്രീലേഖ ആവശ്യപ്പെട്ടു.

ഇതിലുള്ള പ്രതിഷേധത്തിന്റെ ഭാഗമായി ആറ്റുകാല്‍ വിശ്വാസിയായ താന്‍ ഇത്തവണ പൊങ്കാല അര്‍പ്പിക്കുന്നില്ലെന്നും ശ്രീലേഖ പറഞ്ഞു.

5നും 12നും ഇടയിലുള്ള ആണ്‍കുട്ടികള്‍ക്ക് ഇത് ദുരിത കാലമാണ്. ഒരു ചെറിയ തുണിയുമുടുപ്പിച്ച് മൂന്ന് ദിവസം തണുത്ത വെള്ളത്തില്‍ കുളിപ്പിച്ച്, പരിമിതമായ ഭക്ഷണം മാത്രം നല്‍കി, ക്ഷേത്രത്തിന്റെ നിലത്ത് കിടത്തി ഉറക്കും. ഇക്കാലയളവില്‍ കുട്ടികളെ അവരുടെ മാതാപിതാക്കളെ കാണാന്‍ അനുവദിക്കില്ല.

എന്നാല്‍ ഉത്സവത്തിന്റെ അവസാന ദിവസം ഇവരെ നിരത്തി നിറുത്തി ശരീരത്തില്‍ കൂടി കമ്പി കുത്തി കയറ്റും. തുടര്‍ന്ന് ഈ മുറിവിലേക്ക് ചാരം പൊത്തും. ഇത്തരത്തില്‍ ക്രൂരതയ്ക്ക് വിധേയരാകുന്ന കുട്ടികള്‍ നല്ലവരായി വളരുമെന്നും മികച്ച പഠനം കാഴ്ച വയ്ക്കുമെന്നാണ് മാതാപിതാക്കളുടെ വിശ്വാസം. എന്നാല്‍ ഇത്തരത്തിലുള്ള ക്രൂരതയ്ക്ക് ഇരയാകുന്ന കാര്യം മിക്ക കുട്ടികളോടും മാതാപിതാക്കള്‍ നേരത്തെ പറയാറില്ലെന്നതാണ് വാസ്തവം.

എന്നാല്‍ കുട്ടികള്‍ക്കെതിരെയുള്ള ഇത്തരം ക്രൂരതകള്‍ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരം കുറ്റകരമാണ്. പക്ഷേ ആരും ഇക്കാര്യത്തില്‍ പരാതിപ്പെടില്ല. ഇതെല്ലാം ദേവിക്ക് ഇഷ്ടമാണെന്നാണ് ക്ഷേത്ര അധികൃതര്‍ പറയുന്നത്. എന്നാല്‍ ദേവിയുടെ ഇഷ്ടങ്ങളും അനിഷ്ടങ്ങളും ആരാണ് തീരുമാനിക്കുന്നതെന്നും ശ്രീലേഖ ചോദിക്കുന്നു.

ആറ്റുകാല്‍ അമ്മയുടെ ഭക്തയായ താന്‍ 10 വയസ് മുതല്‍ തന്നെ പൊങ്കാല അര്‍പ്പിക്കാറുണ്ട്. താന്‍ സിവില്‍ സര്‍വീസ് പരീക്ഷയില്‍ വിജയിക്കാന്‍ വേണ്ടി 3 പൊങ്കാലകള്‍ നേര്‍ന്നതായും പിന്നീടുള്ള തന്റെ പൊങ്കാലകളെല്ലാം അമ്മയ്ക്കുള്ള നന്ദിസൂചകമായാണ് സമര്‍പ്പിക്കുന്നതെന്നും ശ്രീലേഖ പറയുന്നു.