ശ്രീദേവിയുടെ സംസ്കാരം ബുധനാഴ്ച വൈകുന്നേരം 3.30 ന്

single-img
27 February 2018


മുംബൈ: അന്തരിച്ച ഇതിഹാസ നായിക ശ്രീദേവിയുടെ സംസ്കാരം ബുധനാഴ്ച 3.30 ന് മുംബൈയില്‍ നടക്കും. രാവിലെ 9.30 മുതല്‍ 12.30 മണി വരെ മുംബൈ സെലിബ്രേഷന്‍സ് സ്പോര്‍ട്സ് ക്ലബ്ബില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വക്കും. വിലെ പാര്‍ലെ സേവ സമാജ് ശ്മശാനത്തിലാണ് സംസ്കാരം നടത്തുന്നത്.

മൃതദേഹം വഹിച്ചുകൊണ്ടുള്ള ചാര്‍ട്ടേഡ് വിമാനം ദുബായ് എയര്‍പോര്‍ട്ടില്‍ നിന്ന് വൈകുന്നേരം ആറരയോടെ പുറപ്പെട്ടു. രാത്രി 10 ന് മുമ്പ് മുംബൈയില്‍ വിമാനം ലാന്‍ഡ് ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്. നേരത്തെ, ശ്രീദേവിയുടെ മരണവുമായി ബന്ധപ്പെട്ട കേസ് അവസാനിപ്പിച്ചതായി ദുബായ് പബ്ലിക് പ്രോസിക്യൂഷന്‍ അറിയിച്ചു. ബോധരഹിതയായതിനെ തുടര്‍ന്ന് ബാത്ത്ടബ്ബിലെ വെള്ളത്തില്‍ മുങ്ങിമരിക്കുകയായിരുന്നെന്നാണ് ഫോറന്‍സിക് റിപ്പോര്‍ട്ട്. ഇത്തരം അപകടമരണങ്ങളില്‍ സ്വീകരിക്കുന്ന നടപടിക്രമങ്ങള്‍ എല്ലാം പൂര്‍ത്തിയാക്കിയതായി പ്രോസിക്യൂഷന്‍ വ്യക്തമാക്കി. ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് രണ്ടര കഴിഞ്ഞാണ് മൃതദേഹം വിട്ടുകൊടുക്കാന്‍ അനുമതി നല്‍കുന്ന കത്ത് ദുബായ് പോലീസ് ശ്രീദേവിയുടെ ബന്ധുക്കള്‍ക്ക് കൈമാറിയത്.
ബോണി കപൂറും അദ്ദേഹത്തിന്‍െറ ആദ്യ ഭാര്യയിലെ മകന്‍ അര്‍ജുന്‍ കപൂറുമാണ് മൃതദേഹത്തെ അനുഗമിക്കുന്നത്.