നടി ശ്രീദേവിയുടെ തലയില്‍ ആഴത്തില്‍ മുറിവ്: മരണത്തില്‍ ദുരൂഹത ഏറുന്നു

single-img
27 February 2018

ദുബായ്: നടി ശ്രീദേവിയുടെ മരണത്തില്‍ ദുരൂഹത ഏറുന്നു. തലയില്‍ ആഴത്തിലുള്ള മുറിവ് കണ്ടെത്തിയതാണ് പുതിയ അനുമാനങ്ങള്‍ക്ക് കാരണം. എന്നാല്‍ വീഴ്ചയില്‍ സംഭവിച്ചതാണോ എന്നത് സംബന്ധിച്ച് വ്യക്തത വന്നിട്ടില്ല. ഇതിനായി മൃതദേഹം വീണ്ടും പോസ്റ്റ്‌മോര്‍ട്ടം ചെയ്‌തേക്കുമെന്നാണ് വിവരം

ശ്രീദേവിയുടെ മൃതദേഹം മുബൈയിലെത്തിക്കുന്നതിലെ അനിശ്ചിതത്വം തുടരുന്നതിനിടെയാണ് പുതിയ വിവരം പുറത്തുവരുന്നത്. അപകടം നടന്ന ഹോട്ടല്‍ കേന്ദ്രീകരിച്ചും എവിടെ നിന്നാണ് മദ്യം ലഭിച്ചത് തുടങ്ങിയ കാര്യങ്ങളും ദുബായിലെ പബ്ലിക് പ്രോസിക്യൂട്ടര്‍ പരിശോധിക്കുന്നുണ്ട്.

ശ്രീദേവിയുടേത് അപകടമരണമാണെന്ന് വ്യക്തമായ സാഹചര്യത്തില്‍ പബ്ലിക് പ്രോസിക്യൂഷന്‍ ഇനി കൂടുതല്‍ അന്വേഷണങ്ങളിലേക്കും പരിശോധനകളിലേക്കും കടക്കാന്‍ സാധ്യത ഏറുകയാണ്. അങ്ങനെയെങ്കില്‍ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ ഇനിയും വൈകും.

ശ്രീദേവിയുടേത് അപകട മരണമാണെന്ന് വ്യക്തമായ സാഹചര്യത്തില്‍ പബ്ലിക് പ്രോസിക്യൂഷന്റെ അനുമതിയില്ലാതെ മൃതദേഹം നാട്ടിലെത്തിക്കാനാകില്ല. പബ്ലിക് പ്രോസിക്യൂഷന്‍ അനുമതി നല്‍കിയാല്‍ മാത്രമേ മൃതദേഹം വിട്ടു കൊടുക്കുന്നതിനും എംബാം ചെയ്യുന്നതിനും നാട്ടിലേക്ക് കൊണ്ടു പോകുന്നതിനുമുള്ള രേഖകള്‍ ദുബായ് പൊലീസ് കൈമാറുകയുള്ളൂ.

ശ്രീദേവിയുടെ മരണം സംബന്ധിച്ച് കൂടുതല്‍ അന്വേഷണവും പരിശോധനയും വേണമെന്ന് പബ്ലിക് പ്രോസിക്യൂഷന്‍ തീരുമാനിച്ചാല്‍ മൃതദേഹം ഇന്ത്യയിലെത്തിക്കുന്നത് അനിശ്ചിതമായി നീളും. അതിനിടെ ഭര്‍ത്താവ് ബോണി കപൂറിനെ ദുബായ് പൊലീസ് വിശദമായി ചോദ്യം ചെയ്തു.

കേസ് കൈകാര്യം ചെയ്യുന്ന ബര്‍ദുബായ് പൊലീസ് സ്റ്റേഷനിലായിരുന്നു ചോദ്യം ചെയ്യല്‍. റാസല്‍ ഖൈമയിലെ വിവാഹാഘോഷങ്ങള്‍ക്ക് ശേഷം ഇന്ത്യയിലേക്ക് പോയ ബോണി കപൂര്‍ വീണ്ടും ദുബായിലേക്ക് തിരിച്ചെത്താനുണ്ടായ സാഹചര്യം അടക്കമുള്ള കാര്യങ്ങള്‍ പൊലീസ് വിശദമായി ചോദിച്ച് മനസിലാക്കി.

ചോദ്യം ചെയ്യലിനു ശേഷം ബോണി കപൂറിനെ ഹോട്ടലിലേക്ക് മടങ്ങാന്‍ പൊലീസ് അനുവദിച്ചു. ശ്രീദേവിയുടെ മരണം സംബന്ധിച്ച് അന്വേഷണം നീളുകയാണെങ്കില്‍ അത് അവസാനിക്കുന്നത് വരെ ബോണി കപൂര്‍ യുഎഇയില്‍ തുടരേണ്ടി വരുമെന്നാണ് സൂചന.

അതേസമയം, ശനിയാഴ്ച രാത്രി ഹോട്ടല്‍മുറിയിലുള്ള ബാത്ത്ടബ്ബില്‍ വെള്ളത്തില്‍ മുങ്ങിയാണ് ശ്രീദേവി മരിച്ചതെന്നാണ് ഫോറന്‍സിക് പരിശോധനയിലെ കണ്ടെത്തല്‍. അവര്‍ ബോധരഹിതയായി വീണതാണെന്നും ഹൃദയാഘാതം ഉണ്ടായിരുന്നില്ലെന്നും പരിശോധനയില്‍ തെളിഞ്ഞിരുന്നു. ശ്രീദേവിയുടെ ശരീരത്തില്‍ മദ്യത്തിന്റെ അംശവും കണ്ടെത്തിയിരുന്നു.

ശ്വാസകോശത്തില്‍ വെള്ളം കയറിയതുമൂലമുണ്ടായ അപകടകരമായ മുങ്ങിമരണം എന്ന നിലയിലാണ് ഫോറന്‍സിക് റിപ്പോര്‍ട്ട് വിശേഷിപ്പിക്കുന്നത്. ശ്രീദേവി ബാത്ത് ടബ്ബിലെ വെള്ളത്തില്‍ മുങ്ങിമരിക്കുകയായിരുന്നെന്ന് ദുബായ് പോലീസ് ട്വിറ്റര്‍ സന്ദേശത്തില്‍ സ്ഥിരീകരിച്ചതായി ദുബായ് മീഡിയാ ഓഫീസും വ്യക്തമാക്കി.

പതിവ് നിയമനടപടികള്‍ക്കായി പബ്ലിക് പ്രോസിക്യൂഷന് കേസ് കൈമാറിയെന്ന ദുബായ് പോലീസിന്റെ, വൈകീട്ട് വന്ന അറിയിപ്പാണ് മരണത്തില്‍ ദുരൂഹതയുണ്ടെന്ന സൂചന നല്‍കുന്നത്. ഇക്കാര്യത്തില്‍ കൂടുതല്‍ ചോദ്യംചെയ്യലുകള്‍ ആവശ്യമായി വന്നേക്കും.

ശനിയാഴ്ച രാത്രി പതിനൊന്നോടെ ശ്രീദേവി മരിച്ചെന്നാണ് ഇപ്പോള്‍ സ്ഥിരീകരിച്ചിരിക്കുന്നത്. ബന്ധുവും ചലച്ചിത്രനടനുമായ മോഹിത് മര്‍വയുടെ വിവാഹത്തില്‍ സംബന്ധിക്കാനായാണ് ഭര്‍ത്താവും സിനിമാ നിര്‍മാതാവുമായ ബോണി കപൂര്‍, ഇളയ മകള്‍ ഖുഷി കപൂര്‍ എന്നിവര്‍ക്കൊപ്പം ശ്രീദേവി യു.എ.ഇ.യില്‍ എത്തിയത്.

റാസല്‍ഖൈമയിലെ വാള്‍ഡോര്‍ഫ് അസ്റ്റോറിയ ഹോട്ടലില്‍ വ്യാഴാഴ്ചത്തെ വിവാഹാഘോഷത്തിനുശേഷം ശ്രീദേവിയും കുടുംബവും ദുബായിലെ ജുമേറ എമിറേറ്റ്‌സ് ടവേര്‍സ് ഹോട്ടലിലേക്ക് താമസം മാറ്റിയിരുന്നു. വ്യാഴാഴ്ചതന്നെ മുംബൈയിലേക്ക് മടങ്ങിയ ബോണി കപൂര്‍ ശനിയാഴ്ച വൈകീട്ടാണ് വീണ്ടും ദുബായിലെത്തിയതെന്ന് ബന്ധുക്കളെ ഉദ്ധരിച്ച് ഒരു ഇംഗ്ലീഷ് പത്രം റിപ്പോര്‍ട്ട് ചെയ്തു.

ഇരുവരും ഏറെനേരം സംസാരിച്ചശേഷം രാത്രി അത്താഴത്തിന് പോകാന്‍ ഒരുങ്ങുന്നതിനായി ശ്രീദേവി ബാത്ത്‌റൂമിലേക്ക് പോവുകയായിരുന്നു. 15 മിനിറ്റ് കഴിഞ്ഞിട്ടും അവരെ കാണാത്തതിനെ തുടര്‍ന്ന് മുറി തുറന്നപ്പോഴാണ് ബാത്ത്ടബ്ബില്‍ മുങ്ങിക്കിടക്കുന്നതായി കണ്ടത്. പെട്ടെന്ന് തന്നെ ദുബായ് റാഷിദ് ആസ്പത്രിയിലെത്തിച്ചെങ്കിലും അതിനുമുന്‍പേ മരിച്ചിരുന്നു.