ശ്രീദേവിയുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാന്‍ അനുമതി

single-img
27 February 2018

ദുബായ്: ചലച്ചിത്ര നടി ശ്രീദേവിയുടെ മൃതദേഹം ഇന്ന് തന്നെ ഇന്ത്യയിലേക്ക് കൊണ്ടുവരും. മൃതദേഹം വിട്ടുനല്‍കാന്‍ ദുബായ് പബ്ലിക് പ്രോസിക്യൂട്ടര്‍ അനുമതി നല്‍കി. മരണം സംബന്ധിച്ച അന്വേഷണം നടത്തിയ ശേഷമാണ് പബ്ലിക് പ്രോസിക്യൂട്ടര്‍ മൃതദേഹം വിട്ടുനല്‍കാനുള്ള അനുമതി പത്രം നല്‍കിയത്.

എംബാം നടപടികള്‍ പൂര്‍ത്തിയാക്കി രാത്രിയോടെ മൃതദേഹം മുംബൈയില്‍ എത്തിക്കാനാണ് ബന്ധുക്കളും ഇന്ത്യന്‍ കോണ്‍സുലേറ്റ് അധികൃതരും ശ്രമിക്കുന്നത്. ശ്രീദേവിയുടെ മരണവുമായി ബന്ധപ്പെട്ട് മൂന്ന് തവണ ഭര്‍ത്താവ് ബോണി കപൂറിനെ ദുബായ് പോലീസ് ചോദ്യം ചെയ്തിരുന്നു.

ശ്രീദേവിയുടെ തലയിലേറ്റ ആഴത്തിലുള്ള മുറിവാണ് പോലീസിന് സംശയങ്ങള്‍ക്ക് ഇട നല്‍കിയത്. ചോദ്യം ചെയ്യലില്‍ അസ്വാഭാവികമായി എന്തെങ്കിലും കണ്ടാല്‍ മൃതദേഹം വീണ്ടും പോസ്റ്റ്‌മോര്‍ട്ടം ചെയ്യുമെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അഭ്യൂഹങ്ങളെല്ലാം തള്ളിയാണ് മൃതദേഹം വിട്ടുനല്‍കാന്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അനുമതി നല്‍കിയത്.

ഇതോടെ കേസ് അവസാനിക്കുമെന്നാണ് കരുതുന്നത്. ശ്രീദേവിയുടേത് അപകടമരണം തന്നെയെന്ന നിലപാടിലാണ് പോലീസ് എത്തിച്ചേര്‍ന്നിരിക്കുന്നത്. ഭര്‍ത്താവ് ബോണി കപൂറിന് പുറമേ ബന്ധുക്കളെയും ഹോട്ടല്‍ ജീവനക്കാരെയും പോലീസ് ചോദ്യം ചെയ്തിരുന്നു

ശനിയാഴ്ച രാത്രി ഹോട്ടല്‍മുറിയിലുള്ള ബാത്ത്ടബ്ബില്‍ വെള്ളത്തില്‍ മുങ്ങിയാണ് ശ്രീദേവി മരിച്ചതെന്നാണ് ഫോറന്‍സിക് പരിശോധനയിലെ കണ്ടെത്തല്‍. അവര്‍ ബോധരഹിതയായി വീണതാണെന്നും ഹൃദയാഘാതം ഉണ്ടായിരുന്നില്ലെന്നും പരിശോധനയില്‍ തെളിഞ്ഞിരുന്നു. ശ്രീദേവിയുടെ ശരീരത്തില്‍ മദ്യത്തിന്റെ അംശവും കണ്ടെത്തിയിരുന്നു.

ശ്വാസകോശത്തില്‍ വെള്ളം കയറിയതുമൂലമുണ്ടായ അപകടകരമായ മുങ്ങിമരണം എന്ന നിലയിലാണ് ഫോറന്‍സിക് റിപ്പോര്‍ട്ട് വിശേഷിപ്പിക്കുന്നത്. ശ്രീദേവി ബാത്ത് ടബ്ബിലെ വെള്ളത്തില്‍ മുങ്ങിമരിക്കുകയായിരുന്നെന്ന് ദുബായ് പോലീസ് ട്വിറ്റര്‍ സന്ദേശത്തില്‍ സ്ഥിരീകരിച്ചതായി ദുബായ് മീഡിയാ ഓഫീസും വ്യക്തമാക്കി.

ശനിയാഴ്ച രാത്രി പതിനൊന്നോടെ ശ്രീദേവി മരിച്ചെന്നാണ് ഇപ്പോള്‍ സ്ഥിരീകരിച്ചിരിക്കുന്നത്. ബന്ധുവും ചലച്ചിത്രനടനുമായ മോഹിത് മര്‍വയുടെ വിവാഹത്തില്‍ സംബന്ധിക്കാനായാണ് ഭര്‍ത്താവും സിനിമാ നിര്‍മാതാവുമായ ബോണി കപൂര്‍, ഇളയ മകള്‍ ഖുഷി കപൂര്‍ എന്നിവര്‍ക്കൊപ്പം ശ്രീദേവി യു.എ.ഇ.യില്‍ എത്തിയത്.

റാസല്‍ഖൈമയിലെ വാള്‍ഡോര്‍ഫ് അസ്റ്റോറിയ ഹോട്ടലില്‍ വ്യാഴാഴ്ചത്തെ വിവാഹാഘോഷത്തിനുശേഷം ശ്രീദേവിയും കുടുംബവും ദുബായിലെ ജുമേറ എമിറേറ്റ്‌സ് ടവേര്‍സ് ഹോട്ടലിലേക്ക് താമസം മാറ്റിയിരുന്നു. വ്യാഴാഴ്ചതന്നെ മുംബൈയിലേക്ക് മടങ്ങിയ ബോണി കപൂര്‍ ശനിയാഴ്ച വൈകീട്ടാണ് വീണ്ടും ദുബായിലെത്തിയതെന്ന് ബന്ധുക്കളെ ഉദ്ധരിച്ച് ഒരു ഇംഗ്ലീഷ് പത്രം റിപ്പോര്‍ട്ട് ചെയ്തു.

ഇരുവരും ഏറെനേരം സംസാരിച്ചശേഷം രാത്രി അത്താഴത്തിന് പോകാന്‍ ഒരുങ്ങുന്നതിനായി ശ്രീദേവി ബാത്ത്‌റൂമിലേക്ക് പോവുകയായിരുന്നു. 15 മിനിറ്റ് കഴിഞ്ഞിട്ടും അവരെ കാണാത്തതിനെ തുടര്‍ന്ന് മുറി തുറന്നപ്പോഴാണ് ബാത്ത്ടബ്ബില്‍ മുങ്ങിക്കിടക്കുന്നതായി കണ്ടത്. പെട്ടെന്ന് തന്നെ ദുബായ് റാഷിദ് ആസ്പത്രിയിലെത്തിച്ചെങ്കിലും അതിനുമുന്‍പേ മരിച്ചിരുന്നു.