ഷുഹൈബ് വധക്കേസ്; സര്‍ക്കാരിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം

single-img
27 February 2018

കൊച്ചി: ഷുഹൈബ് വധത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് മാതാപിതാക്കള്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവെ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. കൊലപ്പെടുത്തിയ ആയുധങ്ങള്‍ എന്തുകൊണ്ട് കണ്ടെത്തിയില്ലെന്ന് കോടതി ചോദിച്ചു.

എന്റെ മുന്നിലിരിക്കുന്ന ഫയലില്‍ ഒരു മനുഷ്യനെ വെട്ടിനുറുക്കിയ ചിത്രങ്ങളാണ് ഉള്ളത്, ഇത് സര്‍ക്കാര്‍ കാണുന്നില്ലേയെന്നും കോടതി ചോദിച്ചു. പൊലീസില്‍ ചാരന്‍മാരുണ്ടെന്ന് കണ്ണൂര്‍ എസ്പിക്ക് പറയേണ്ടി വന്ന സാഹചര്യം എന്തുകൊണ്ടാണെന്നും കോടതി ചോദിച്ചു.

സംസ്ഥാന സര്‍ക്കാറിന്റെയും സിബിഐയുടെയും വിശദീകരണത്തിനായി അടുത്ത ചൊവ്വാഴ്ചത്തേക്ക് കേസ് മാറ്റി. കേസുമായി ബന്ധപ്പെട്ട് നിലവിലെ അന്വേഷണം തൃപ്തികരമല്ലെന്ന് ഷുഹൈബിന്റെ പിതാവ് ഹര്‍ജിയില്‍ ആരോപിക്കുന്നുണ്ട്. ഭരണകക്ഷി ആവശ്യപ്പെടുന്നതിന് അനുസരിച്ചാണ് പൊലീസ് കേസന്വേഷണം നടത്തുന്നത്.

പ്രതികള്‍ക്കെതിരെ യുഎപിഎ ചുമത്താന്‍ അന്വേഷണ സംഘം തയ്യാറായിട്ടില്ലെന്നും പിതാവ് ഹര്‍ജിയില്‍ പറയുന്നു. മുഖ്യമന്ത്രി പിണറായി വിജയനും, കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജനും പ്രതികളുമായി ബന്ധമുണ്ടെന്ന് ഹര്‍ജിയില്‍ ആരോപിച്ചിരുന്നു. കേസില്‍ സിപിഎം ജില്ലാ നേതാക്കള്‍ക്കുളള പങ്ക് അന്വേഷിക്കണമെന്നും ആവശ്യപ്പെടുന്നുണ്ട്.

ഷുഹൈബ് വധത്തില്‍ സിബിഐ അന്വേഷണമില്ലെന്നാണ് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയന്‍ സഭയില്‍ വ്യക്തമാക്കിയത്. പൊലീസ് അന്വേഷണം ശരിയായ രീതിയിലാണ് നടക്കുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഈ തീരുമാനത്തിനെതിരെ ഷുഹൈബിന്റെ കുടുംബം രംഗത്തെത്തുകയും സിബിഐ അന്വേഷണം പ്രഖ്യാപിക്കുംവരെ നിരാഹാര സമരം നടത്തുമെന്നും അറിയിച്ചിരുന്നു.

സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുമെന്ന് കഴിഞ്ഞ ദിവസം യുഡിഎഫ് നേതൃത്വവും വ്യക്തമാക്കിയിരുന്നു. സിപിഎം നേതാക്കളുടെ പങ്ക് പുറത്തുവരുമെന്ന ഭയത്താലാണ് മുഖ്യമന്ത്രി അന്വേഷണത്തെ എതിര്‍ക്കുന്നതെന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആരോപണം.