ഷുഹൈബ് വധക്കേസില്‍ മുഖ്യസൂത്രധാരനെക്കുറിച്ച് സൂചന: സിപിഎം കൂടുതല്‍ കുരുക്കിലേക്ക്

single-img
27 February 2018

യൂത്ത് കോണ്‍ഗ്രസ് നേതാവ് എടയന്നൂരിലെ എസ്.പി. ഷുഹൈബിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ മുഖ്യ സൂത്രധാരന്‍ ഉള്‍പ്പെടെയുള്ള പ്രതികള്‍ക്കായി പോലീസ് തെരച്ചില്‍ ഊര്‍ജിതമാക്കി. സംഭവവുമായി ബന്ധപ്പെട്ട് ഇനിയും കൂടുതല്‍ പേര്‍ പിടിയിലാകാനുണ്ടെന്നാണു പോലീസ് നല്‍കുന്ന സൂചന.

ഇതിനിടെ, ഞായറാഴ്ച രാത്രി അറസ്റ്റിലായ മുഴക്കുന്നിലെ ജിതിനെ ഇന്നലെ മട്ടന്നൂര്‍ ജുഡീഷല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേട്ട് കോടതി റിമാന്‍ഡ് ചെയ്തു. കേസില്‍ പന്ത്രണ്ടില്‍ കൂടുതല്‍ പ്രതികളുണ്ടെന്നാണു വിവരം. ഇതില്‍ ആറുപേരെ അന്വേഷണ സംഘം അറസ്റ്റ് ചെയ്തിരുന്നു.

ഡിവൈഎഫ്‌ഐ, എസ്എഫ്‌ഐ പ്രവര്‍ത്തകരായ തില്ലങ്കേരി ആലയാട്ടെ പുതിയ പുരയില്‍ അന്‍വര്‍ സാദത്ത്, മീത്തലെ പാലയോട്ടെ മൂട്ടില്‍ വീട്ടില്‍ കെ.അഖില്‍, തെരൂര്‍ പാലയോട്ടെ തൈയുള്ള പുതിയപുരയില്‍ ടി.കെ.അഷ്‌കര്‍, തില്ലങ്കേരിയിലെ ആകാശ്, റിജിന്‍ രാജ് എന്നിവരെയാണു നേരത്തെ അറസ്റ്റ് ചെയ്തത്.

കൊലപാതകം നടത്തിയ അഞ്ചംഗ സംഘത്തില്‍ നാലു പേരാണു പിടിയിലായത്. ബാക്കിയുള്ള ഒരാളെക്കുറിച്ചും ഗൂഢാലോചന നടത്തിയവരടക്കമുള്ള മറ്റു പ്രതികളെക്കുറിച്ചും അന്വേഷണ ഉദ്യോഗസ്ഥര്‍ക്കു വ്യക്തമായ സൂചന ലഭിച്ചു. ഒളി സങ്കേതങ്ങള്‍ മാറിമാറിക്കഴിയുന്ന ഇവരെ കണ്ടെത്തുനുള്ള ശ്രമം പോലീസ് ഊര്‍ജിതമാക്കി.

ഷുഹൈബിനെ വെട്ടിയയാളെ പിടികൂടിയാല്‍ മാത്രമേ കൊലയ്ക്ക് ഉപയോഗിച്ച ആയുധം കണ്ടെത്താനാകുകയുള്ളുവെന്നു പോലീസ് അറിയിച്ചു. ഷുഹൈബിനെ വെട്ടിക്കൊലപ്പെടുത്താനായി പ്രതികളെത്തിയ വാഗണ്‍ആര്‍ കാര്‍ കഴിഞ്ഞ ദിവസം പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. കാര്‍ അടുത്ത ദിവസം കോടതിയില്‍ ഹാജരാക്കും.