പരീക്കര്‍ മീന്‍ വാങ്ങാന്‍ പോയപ്പോഴാണ് മോദി റാഫേല്‍ കരാറില്‍ മാറ്റം വരുത്തിയതെന്ന് രാഹുല്‍: എന്തിനാണ് നിങ്ങളിത്ര ഒച്ചയുണ്ടാക്കുന്നതെന്ന് അമിത് ഷാ

single-img
27 February 2018

ബെംഗളൂരു: കര്‍ണാടകത്തില്‍ തിരഞ്ഞെടുപ്പ് പ്രചരണം കൊടുമ്പിരി കൊള്ളുമ്പോള്‍ പരസ്പരം ഏറ്റുമുട്ടി കോണ്‍ഗ്രസും ബിജെപിയും. റഫേല്‍ വിമാന ഇടപാട് സംബന്ധിച്ച് മുന്‍ പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കറിന് യാതൊരു അറിവും ഉണ്ടായിരുന്നില്ലെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു.

പ്രധാനമന്ത്രി റഫേല്‍ കരാറില്‍ മാറ്റംവരുത്തുമ്പോള്‍ പരീക്കര്‍ ഗോവയിലെ മാര്‍ക്കറ്റില്‍ മീന്‍ വാങ്ങുകയായിരുന്നു. പ്രതിരോധ രംഗത്തെ സുപ്രധാന ഇടപാടില്‍ എന്താണ് സംഭവിച്ചതെന്ന കാര്യത്തില്‍ അന്നത്തെ പ്രതിരോധ മന്ത്രിയായിരുന്ന പരീക്കര്‍ക്ക് യാതൊരു ധാരണയുമുണ്ടായിരുന്നില്ലെന്ന് രാഹുല്‍ പരിഹസിച്ചു. സാന്തത്തിയിലെ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

അതിനിടെ, രാഹുല്‍ ഗാന്ധി ബിജെപി സര്‍ക്കാരിന് എതിരായി ഉന്നയിക്കുന്ന ചോദ്യങ്ങളെ ബിജെപി അധ്യക്ഷന്‍ അമിത് ഷാ തന്റെ പ്രസംഗത്തില്‍ പരിഹസിച്ചു. ബിദറില്‍ നടത്തിയ പ്രസംഗത്തിനിടെയാണ് അമിത് ഷാ രാഹുല്‍ ഗാന്ധിയുടെ ചോദ്യങ്ങളെ പരിഹസിച്ചത്.

നാലുവര്‍ഷംകൊണ്ട് പ്രധാനമന്ത്രി എന്തു ചെയ്‌തെന്നാണ് രാഹുല്‍ തുടര്‍ച്ചയായി ഉച്ചത്തില്‍ ചോദിച്ചുകൊണ്ടിരിക്കുന്നതെന്ന് അമിത് ഷാ പറഞ്ഞു. ‘മോദിജി പറയൂ, എന്താണ് കഴിഞ്ഞ നാലുവര്‍ഷംകൊണ്ട് ചെയ്തത്’ രാഹുലിന്റെ പ്രസംഗത്തെ അനുകരിച്ചുകൊണ്ടാണ് അമിത് ഷാ രാഹുലിനെ പരിഹസിച്ചത്.

പക്ഷേ, രാഹുല്‍ ബാബ, എന്തിനാണ് നിങ്ങള്‍ ഇത്രമാത്രം ഒച്ചയുണ്ടാക്കുന്നത്? എന്തിനാണ് കഴിഞ്ഞ നാലുവര്‍ഷത്തെ കാര്യം നിങ്ങള്‍ ചോദിക്കുന്നത്? കഴിഞ്ഞ നാലു തലമുറകളായി കോണ്‍ഗ്രസ് നേതൃത്വം ഇവിടെ എന്തുചെയ്തു എന്നാണ് ഈ രാജ്യത്തെ ജനങ്ങള്‍ ചോദിക്കുന്നത് അമിത് ഷാ പറഞ്ഞു.