വി. ശിവന്‍കുട്ടിക്കും ഇപിക്കുമടക്കം ക്ലീന്‍ചീറ്റ്: നിയമസഭയിലെ കയ്യാങ്കളി കേസ് സര്‍ക്കാര്‍ പിന്‍വലിച്ചു

single-img
27 February 2018

കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ധനമന്ത്രി കെ.എം.മാണി ബജറ്റ് അവതരിപ്പിച്ച വേളയില്‍ നിയമസഭയിലുണ്ടായ കയ്യാങ്കളി കേസ് സര്‍ക്കാര്‍ പിന്‍വലിച്ചു. വി.ശിവന്‍കുട്ടി മുഖ്യമന്ത്രിക്ക് നല്‍കിയ അപേക്ഷ പരിഗണിച്ചാണ് കേസ് പിന്‍വലിച്ചത്. ഇത് സംബന്ധിച്ചുള്ള സര്‍ക്കാര്‍ ഉത്തരവ് ഉടന്‍ പുറത്തിറങ്ങിയേക്കും.

പ്രതിയായ ആളുടെ അപേക്ഷ പരിഗണിച്ച് കേസ് പിന്‍വലിക്കുന്നതിനെതിരെ നേരത്തെതന്നെ പ്രതിഷേധം ഉയര്‍ന്നിരുന്നു. എന്നാല്‍ കേസ് പിന്‍വലിക്കുന്നതിനുള്ള നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ടുപോകുകയായിരുന്നു. സംഭവത്തെക്കുറിച്ച് മാപ്പ് പറഞ്ഞ സാഹചര്യത്തില്‍ കേസുമായി മുന്നോട്ടുപോകുന്നതിന് പ്രസക്തിയില്ലെന്ന് അപേക്ഷയില്‍ ചൂണ്ടിക്കാണിച്ചിരുന്നു.

ഇക്കാര്യം അംഗീകരിച്ചുകൊണ്ടാണ് കേസ് പിന്‍വലിക്കുന്നതെന്നാണ് സര്‍ക്കാരിന്റെ നിലപാട്. 2015 മാര്‍ച്ച് 13ന് അന്ന് ധനമന്ത്രിയായിരുന്ന കെ.എം മാണി ബജറ്റ് അവതരിപ്പിക്കുന്നതിനിടെ ഇത് തടസ്സപ്പെടുത്താനായി ഇടത് എംഎല്‍എമാര്‍ സഭയില്‍ കയ്യാങ്കളി നടത്തിയെന്നാണ് കേസ്.

സംഘര്‍ഷത്തിന്റെ ഫലമായി രണ്ടു ലക്ഷത്തോളം രൂപയുടെ നാശനഷ്ടങ്ങള്‍ സഭയ്ക്കുള്ളില്‍ ഉണ്ടായിരുന്നു. ക്രൈം ബ്രാഞ്ച് കേസ് അന്വേഷിച്ച് കുറ്റപത്രം സമര്‍പ്പിച്ചിരുന്നതാണ്. വി. ശിവന്‍കുട്ടി ഉള്‍പ്പെടെ അന്നത്തെ ആറ് ഇടത് എംഎല്‍എമാരായിരുന്നു കേസിലെ പ്രതികള്‍. നിയമസഭയുടെ ചരിത്രത്തില്‍ ഏറെ നാണക്കേടുണ്ടാക്കിയ സംഭവമായിരുന്നു ഇത്.

തീരുമാനത്തില്‍ പ്രതികരിക്കാനില്ലെന്ന് സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍ പ്രതികരിച്ചു. എംഎല്‍എയായിരിക്കെ ശ്രീരാമകൃഷ്ണനും അന്നത്തെ സംഘര്‍ഷത്തില്‍ പങ്കാളിയായിരുന്നു.