പ്രതിപക്ഷ ബഹളത്തില്‍ നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞു: അടിയന്തരപ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചത് അവകാശലംഘനമെന്ന് ചെന്നിത്തല

single-img
27 February 2018

തിരുവനന്തപുരം: രാഷ്ട്രീയ കൊലപാതകങ്ങളും അട്ടപ്പാടിയിലെ ആദിവാസി യുവാവ് മധുവിന്റെ കൊലപാതകവും ഉന്നയിച്ച് പ്രതിപക്ഷം നിയമസഭയില്‍ പ്രതിഷേധിച്ചതിനേത്തുടര്‍ന്ന് സഭ ഇന്നത്തേക്ക് പിരിഞ്ഞു. ഷുഹൈബിന്റെ വധത്തില്‍ സിബി.ഐ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷം നടുത്തളത്തിലിറങ്ങി പ്രതിഷേധിക്കുകയായിരുന്നു.

ബാനറും പ്ലക്കാര്‍ഡുമായി സ്പീക്കറുടെ ഡയസിന് മുന്നില്‍ എത്തിയായിരുന്നു ബഹളം. ഇതോടെ രാവിലെ എട്ടരക്ക് ചോദ്യോത്തര വേള തുടങ്ങി പത്തുമിനിട്ടിനകം സ്പീക്കര്‍ താല്‍ക്കാലികമായി സഭ നിര്‍ത്തിവെക്കുന്നതായി പ്രഖ്യാപിച്ച് ഡയസ് വിട്ടു പോയി.

9.20 ന് വീണ്ടും സഭ ചേര്‍ന്നപ്പോള്‍ പ്ലക്കാര്‍ഡുകളും ബാനറുകളുമായി പ്രതിപക്ഷം ഡയസിലെത്തി വീണ്ടും സഭ തടസ്സപ്പെടുത്തി. മുഖം മറക്കുന്ന തരത്തില്‍ ബാറുകള്‍ ഉയര്‍ത്തിയതിനെ സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍ ശക്തമായി പ്രതികരിക്കുകയും ചെയ്തു.

വീണ്ടും സഭ ചേര്‍ന്നെങ്കിലും നടപടികള്‍ വേഗത്തിലാക്കി പിരിഞ്ഞു. സഭ മാന്യമായി നടത്താനുള്ള സാഹചര്യമില്ലെന്ന് സ്പീക്കര്‍ പറഞ്ഞു. ധനവിനിയോഗ ബില്‍ നിയമസഭയില്‍ ചര്‍ച്ച കൂടാതെ പാസാക്കി. മധു, സഫീര്‍ കൊലപാതകങ്ങള്‍ ചര്‍ച്ച ചെയ്യണം എന്നാവശ്യപ്പെട്ട് പ്രതിപക്ഷം നല്‍കിയ അടിയന്തര പ്രമേയ നോട്ടീസിന് സ്പീക്കര്‍ അനുമതി നല്‍കിയില്ല. ഇതോടെ പ്രതിപക്ഷം സഭ ബഹിഷ്‌കരിക്കുകയും ചെയ്തു.

അതേസമയം നിയമസഭയില അടിയന്തര പ്രമേയം അവതരിപ്പിക്കാന്‍ അനുവദിക്കാത്തത് അവകാശലംഘനമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നത്തല പറഞ്ഞു. അടിയന്തര പ്രമേയം അനുവദിക്കാന്‍ എന്തിനാണ് മടിക്കുന്നത്. സര്‍ക്കാര്‍ അടിയന്തര പ്രമേയത്തെ ഭയക്കുകയാണ്.

സംസ്ഥനത്ത് രാഷ്ട്രീയ കൊലപാതകങ്ങള്‍ വര്‍ധിക്കുമ്പോള്‍ പൊലീസും സര്‍ക്കാരും നിഷ്‌ക്രിയമായിരിക്കുകയാണ്. ഷുഹൈബ് വധത്തെ സംബന്ധിച്ച പ്രതിപക്ഷത്തിന്റെ ചോദ്യങ്ങള്‍ക്ക് സര്‍ക്കാറിന് മറുപടിയില്ലെന്ന് ചെന്നിത്തല ആരോപിച്ചു. ഇപ്പോള്‍ മണ്ണാര്‍ക്കാട് സഫീറിനെയും ഭരണ കക്ഷി ഗുണ്ടകള്‍ കടയില്‍ക്കയറി കുത്തിക്കൊന്നിരിക്കുന്നു.

ഈ കൊലപാതകത്തില്‍ അപലപിക്കാന്‍ പോലും ഭരണ കക്ഷി തയാറായില്ല. പൊലീസാണ് ഗുണ്ടകളെ സംരക്ഷിക്കുന്നത്. കൊലപാതകവുമായി ബന്ധപ്പെട്ട് ചിലരെ പിടികൂടിയിട്ടുണ്ട്. എന്നാല്‍ ഗൂഢാലോചന തെളിയിക്കാന്‍ തയാറാകുന്നില്ല. കൊലപാതകങ്ങളില്‍ അനുശോചിക്കാന്‍ പോലും മുഖ്യമന്ത്രി തയാറാകാത്തത് ഖേദകരമാണെന്നും ചെന്നിത്തല പറഞ്ഞു.