എക്സിറ്റ്പോളില്‍ ത്രിപുര ബി.ജെ.പിക്കൊപ്പം; മേഘാലയയില്‍ കോണ്‍ഗ്രസിന് കാലിടറുമെന്നും പ്രവചനം

single-img
27 February 2018


ന്യൂഡല്‍ഹി: മേഘാലയയിലും നാഗാലാന്‍ഡിലും നിയമസഭ തെരഞ്ഞെടുപ്പ് അവസാനിച്ചതിന് പിന്നാലെ ത്രിപുരയുടെ ഫലം കൂടി ഉള്‍പ്പെടുന്ന എക്സിറ്റ് പോള്‍ ഫലം പുറത്തുവന്നു. സി.പി.ഐ.(എം) ന് ആശങ്ക നല്‍കുന്ന പ്രവചനത്തില്‍ ത്രിപുര ബി.ജെ.പി കൈയടക്കുമെന്നാണ് എക്സിറ്റ് പോള്‍ വ്യക്തമാക്കുന്നത്.

25 വര്‍ഷമായി സി.പി.എം ഭരണത്തിലിരിക്കുന്ന ത്രിപുരയില്‍ ഇത്തവണ ഐ.പി.എഫ്.ടിക്കൊപ്പം ചേര്‍ന്ന് ബി.ജെ.പി സര്‍ക്കാര്‍ രൂപീകരിക്കുമെന്നാണ് പ്രവചനം. ബി.ജെ.പി സഖ്യം 35 നും 45 നും ഇടയില്‍ സീറ്റുകള്‍ നേടുമെന്ന് പറയുന്ന ന്യൂസ്എക്സ് എക്സിറ്റ് പോള്‍, സി.പി.എമ്മിന്‍െറ മുന്‍ തെരഞ്ഞെടുപ്പിലെ 50 സീറ്റുകള്‍ 14-23 എന്നതിലേക്ക് കൂപ്പുകുത്തുമെന്നാണ് വ്യക്തമാക്കുന്നത്. ആക്സിസ് മൈഇന്ത്യ പുറത്തുവിട്ട ഫലം ബി.ജെ.പിക്ക് പ്രവചിക്കുന്നത് 45-50 സീറ്റും സി.പി.എമ്മിന് 9-10 സീറ്റുമാണ്. സിവോട്ടര്‍ എക്സിറ്റ് പോള്‍ നേരിയ മുന്‍തൂക്കം സി.പി.എമ്മിന് നല്‍കുന്നു. നിലവിലെ ഭരണകക്ഷി 26-34 സീറ്റുകള്‍ നേടുമെന്ന് പ്രവചിക്കുന്ന എക്സിറ്റ് പോള്‍ ബി.ജെ.പി സഖ്യത്തിന് 24-32 സീറ്റുകളിലാണ് ജയം പ്രതീക്ഷിക്കുന്നത്.

മേഘാലയയില്‍ കോണ്‍ഗ്രസിന്‍െറ വീഴ്ചയാണ് മൂന്ന് എക്സിറ്റ്പോളുകളും പ്രവചിക്കുന്നത്. ആക്സിസ് മൈ ഇന്ത്യ ബി.ജെ.പിക്ക് 30 സീറ്റുകളുടെ സാധ്യത കാണുമ്പോള്‍ മറ്റ് രണ്ട് പ്രവചനങ്ങളും നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടിയുടെ മുന്നേറ്റമാണ് കാണിക്കുന്നത്. നാഗാലാന്‍ഡില്‍ എന്‍.പി.എഫിനെ തോല്‍പ്പിച്ച് ബി.ജെ.പി സഖ്യം മുന്നേറുമെന്നും എക്സിറ്റ് പോള്‍ പറയുന്നു.

ത്രിപുരയില്‍ 89.8 ശതമാനം പോളിങ്ങാണ് നടന്നത്. ഇന്ന് തെരഞ്ഞെടുപ്പ് നടന്ന മേഘാലയയിലും നാഗാലാന്‍ഡിലും യഥാക്രമം 68, 75 ശതമാനമാണ് പോളിങ് എന്നാണ് റിപ്പോര്‍ട്ട്.