എടുത്ത 12 ടിക്കറ്റുകളും അടിച്ചു: സിപിഎം നേതാവിന് കേരള ഭാഗ്യക്കുറി സമ്മാനപ്പെരുമഴ

single-img
27 February 2018

സിപിഎം നേതാവെടുത്ത കേരള ഭാഗ്യക്കുറിയുടെ 12 ടിക്കറ്റിനും സമ്മാനം. ദേലംപാടി പഞ്ചായത്തിലെ പള്ളഞ്ചി കാട്ടിപ്പാറയിലെ ഡി. എ. അബ്ദുള്ളക്കുഞ്ഞിയാണ് ഈ ഭാഗ്യവാന്‍. തിങ്കളാഴ്ച ഉച്ചയ്ക്ക് നറുക്കെടുത്ത വിന്‍വിന്‍ ലോട്ടറിടിക്കറ്റുകളിലാണ് അബ്ദുള്ളക്കുഞ്ഞിക്ക് സമ്മാനം അടിച്ചത്.

ഒന്നാം സമ്മാനമായ 65 ലക്ഷം രൂപ മുതല്‍ മുഴുവന്‍ സമാശ്വാസ സമ്മാനങ്ങളും ഇദ്ദേഹത്തിന് ലഭിച്ചു. ചെര്‍ക്കള ബസ് സ്റ്റാന്‍ഡിന് സമീപത്തുള്ള മധു ലോട്ടറി ഏജന്‍സിയില്‍നിന്ന് ഉച്ഛയ്ക്ക് 12.45 നാണ് അബ്ദുള്ളക്കുഞ്ഞി ലോട്ടറികള്‍ വാങ്ങിയത്. ഒരെ നമ്പര്‍ സീരിസിലുള്ള 12 ലോട്ടറികളാണ് ഇദ്ദേഹം എടുത്തത്. ഇതില്‍ wv594229 എന്ന ടിക്കറ്റിന് ഒന്നാം സമ്മാനവും മറ്റ് ടിക്കറ്റുകള്‍ക്ക് സമാശ്വാസ സമ്മാനമായി 10000 രൂപ വീതവും ലഭിച്ചു.

നടുക്കെടുപ്പ് കഴിഞ്ഞയുടനെ ജില്ലാ ലോട്ടറി ഓഫീസില്‍നിന്ന് ഏജന്‍സിയിലേക്ക് നേരിട്ട് വിളിച്ച് പറയുകയായിരുന്നു. തുടര്‍ന്നാണ് അബ്ദൂള്ളിക്കുഞ്ഞി വിവരം അറിയുന്നത്. നാലുമാസങ്ങള്‍ക്കു മുമ്പ് ഇതേ സ്റ്റാളില്‍നിന്നെടുത്ത ടിക്കറ്റില്‍ അബ്ദുള്ളക്കുഞ്ഞിക്ക് 60,000 രൂപ സമ്മാനം ലഭിച്ചിരുന്നു.

അന്‍പതുകാരനായ അബ്ദുള്ളക്കുഞ്ഞി 30 വര്‍ഷമായി മുടങ്ങാതെ എല്ലാ ദിവസവും ടിക്കറ്റെടുക്കും. വാടകവീട്ടിലാണ് അബ്ദുള്ളക്കുഞ്ഞിയും കുടുംബവും കഴിയുന്നത്. കാട്ടിപ്പാറയില്‍ സ്വന്തം വീടിന്റെ പണി നടക്കുന്നതിനിടെയാണ് ഭാഗ്യം തേടിയെത്തിയത്. ‘അല്‍പം ബാധ്യതയുണ്ട്. അത് തീര്‍ക്കണം. വീടുപണി പൂര്‍ത്തിപൂര്‍ത്തിയാക്കണം’ അബ്ദുള്ളക്കുഞ്ഞി പറഞ്ഞു. നബീറയാണ് ഭാര്യ. കാട്ടിപ്പാറ ഗവ. എല്‍.പി സ്‌കൂള്‍ നാലാംതരം വിദ്യാര്‍ഥിനി അഫ്രീന, ആഷിക് എന്നിവര്‍ മക്കളാണ്.