ഗൗരി നേഘയുടെ മരണം: കൊല്ലം ട്രിനിറ്റി ലൈസിയം സ്കൂളിന്‍െറ എന്‍.ഒ.സി റദ്ദാക്കാന്‍ ശുപാര്‍ശ

single-img
27 February 2018


കൊല്ലം: പത്താം ക്ലാസ് വിദ്യാര്‍ഥിനി ഗൗരി നേഘ കെട്ടിടത്തില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്ത സംഭവത്തില്‍ കൊല്ലം ട്രിനിറ്റി ലൈസിയം സ്കൂളിനെതിരെ കടുത്ത നടപടി വരുന്നു. സ്കൂളിന്‍െറ എന്‍.ഒ.സി റദ്ദാക്കാനുള്ള ശുപാര്‍ശ പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ സര്‍ക്കാന് സമര്‍പ്പിച്ചു. കൊല്ലം വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ കെ.എസ്. ശ്രീകല നല്‍കിയ റിപ്പോര്‍ട്ടിന്‍െറ അടിസ്ഥാനത്തിലാണ് നടപടി. സ്കൂളിന്‍െറ എന്‍.ഒ.സി അടുത്ത അധ്യയന വര്‍ഷം റദ്ദ് ചെയ്യണമെന്നാണ് ഉപഡയറക്ടര്‍ ശുപാര്‍ശ ചെയ്തത്. സാമൂഹിക പ്രതിബദ്ധതയില്ലാത്ത ഒരു കൂട്ടം അധ്യാപകര്‍ നയിക്കുന്ന ക്ളാസുകളില്‍ ഗുണമേന്മയുള്ള വിദ്യാഭ്യാസം നല്‍കാത്തത് സമൂഹത്തിന് ആപത്താണെന്ന് വിദ്യാഭ്യാസ വകുപ്പ് റിപ്പോര്‍ട്ടില്‍ ചൂണ്ടികാണിക്കുന്നു.

ഗൗരിയുടെ മരണത്തില്‍ ആരോപണ വിധേയരായ അധ്യാപികമാര്‍ സസ്പെന്‍ഷന്‍ കഴിഞ്ഞ് തിരിച്ചെത്തിയപ്പോള്‍ പ്രിന്‍സിപ്പലിന്‍െറ നേതൃത്വത്തില്‍ കേക്ക് മുറിച്ച് ആഘോഷപൂര്‍വം സ്വീകരിച്ചിരുന്നു. ഇത് വലിയ വിവാദമായി. തുടര്‍ന്ന് വിദ്യാഭ്യാസ വകുപ്പ് വിശദീകരണം തേടി. ഇതിന്‍െറ അന്വേഷണ റിപ്പോര്‍ട്ടിലാണ് എന്‍.ഒ.സി റദ്ദാക്കാനുള്ള ശുപാര്‍ശ വന്നത്. പ്രിന്‍സിപ്പല്‍ ഷെവലിയാര്‍ ജോണിനെ പുറത്താക്കാനും നിര്‍ദ്ദേശം നല്‍കി. എന്നാല്‍, വിദ്യാഭ്യാസ വകുപ്പിന്‍െറ നിര്‍ദ്ദേശം വര്‍ഗീയ ധ്രുവീകരണം ഉണ്ടാക്കുന്നതാണ് എന്ന നിലപാടാണ് സ്കൂള്‍ മാനേജ്മെന്‍റ് സ്വീകരിച്ചത്. പിന്നീട്, വിദ്യാഭ്യാസ വകുപ്പിന്‍െറ കര്‍ശന നിലപാടിന് മുന്നില്‍ പ്രിന്‍സിപ്പലിനോട് വിരമിക്കുന്നത് വരെ അവധിയില്‍ പോകാന്‍ മാനേജ്മെന്‍റ് ആവശ്യപ്പെടുകയായിരുന്നു.