സൗദിയില്‍ സൈനിക തലവന്മാരെ പുറത്താക്കി

single-img
27 February 2018


റിയാദ്: സൗദി അറേബ്യയില്‍ സൈനിക തലപ്പത്ത് സല്‍മാന്‍ രാജാവിന്‍െറ വന്‍ അഴിച്ചുപണി. ചീഫ് ഓഫ് സ്റ്റാഫിനെയും കര, വ്യോമ സേന മേധാവികളെയും മാറ്റി. തിങ്കളാഴ്ച രാത്രിയില്‍ പ്രഖ്യാപിച്ച മാറ്റങ്ങള്‍ക്കുള്ള കാരണം വ്യക്തമാക്കിയിട്ടില്ല. സഹ മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ള നിരവധി സിവില്‍ ഉദ്യോഗസ്ഥര്‍ക്കും സ്ഥാനചലനം ഉണ്ടായിട്ടുണ്ട്. മൂന്നുവര്‍ഷമായി യമനില്‍ വിമതര്‍ക്ക് നേരെ ആക്രമണം നടത്തുന്ന സഖ്യസേനയെ നയിക്കുകയാണ് സൗദി സൈന്യം.

അഴിമതി ആരോപിച്ച് നിരവധി രാജകുടുംബാംഗങ്ങളെയും ബിസിനസുകാരെയും അറസ്റ്റുചെയ്ത് ആഭ്യന്തര ഭരണ സംവിധാനത്തില്‍ പിടിമുറുക്കിയതിന്‍െറ തുടര്‍ച്ചയായാണ് പുതിയ മാറ്റങ്ങളും. സല്‍മാന്‍ രാജാവിന്‍െറ മകനും കിരീടാവകാശിയുമായ രാജകുമാരന്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍െറ അടുപ്പക്കാരായ പുതിയ തലമുറ ഉദ്യോഗസ്ഥരാണ് സീനിയര്‍ തസ്തികകളില്‍ നിയമിക്കപ്പെട്ടത്. ജനറല്‍ അബ്ദുല്‍ റഹ്മാന്‍ ബിന്‍ സലേഹ് അല്‍ ബുനിയന്‍െറ സ്ഥാനത്ത് ഫയദ്ദ് അല്‍ റുവൈലി ആണ് പുതിയ ചീഫ് ഓഫ് സ്റ്റാഫ് എന്ന് സൗദി പ്രസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.