കെ.സുധാകരന്‍ നിരാഹാര സമരം അവസാനിപ്പിച്ചു

single-img
27 February 2018

കണ്ണൂര്‍: കണ്ണൂരില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഷുഹൈബ് കൊല്ലപ്പെട്ട സംഭവം സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഒമ്പത് ദിവസമായി നടത്തിവരുന്ന സമരം കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്‍ അവസാനിപ്പിച്ചു. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നാരങ്ങാനീര് കൊടുത്താണ് സമരം അവസാനിപ്പിച്ചത്.

മുഴുവന്‍ പ്രതികളെയും പിടികൂടുക, കേസില്‍ സി.ബി.ഐ അന്വേഷണം പ്രഖ്യാപിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു നിരാഹാര സമരം. എന്നാല്‍ സി.ബി.ഐ അന്വേഷണമില്ലെന്ന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി തന്നെ വ്യക്തമാക്കുകയും തുടര്‍ സമരങ്ങള്‍ യു.ഡി.എഫ് ഏറ്റെടുക്കുകയും ചെയ്തതോടെയാണ് നിരാഹാര സമരം അവസാനിപ്പിക്കാന്‍ കെ.സുധാകരനോട് യു.ഡി.എഫ് നേതൃത്വം ആവശ്യപ്പെട്ടത്.

ഈ മാസം 19നാണ് കെ സുധാകരന്‍ കണ്ണൂര്‍ കലക്‌ട്രേറ്റിന് മുന്നില്‍ നിരാഹാര സമരം ആരംഭിച്ചത്. 48 മണിക്കൂറത്തേക്ക് തുടങ്ങിയ സമരം പിന്നീട് അനിശ്ചിതകാലത്തേക്ക് നീട്ടുകയായിരുന്നു. വയലാര്‍ രവിയടക്കമുള്ള മുതിര്‍ന്ന നേതാക്കളും ഷുഹൈബിന്റെ കുടുംബവും സമര പന്തലില്‍ സന്ദര്‍ശനം നടത്തി.

അതേസമയം സിബിഐ അന്വേഷണം ആവശ്യമില്ലെന്ന് പറഞ്ഞ സര്‍ക്കാരിനും മുഖ്യമന്ത്രിയ്ക്കമുള്ള തിരിച്ചടിയാണ് ഇന്നത്തെ ഹൈക്കോടതി പരാമര്‍ശമെന്ന് ഉമ്മന്‍ചാണ്ടി പ്രതികരിച്ചു. അതേസമയം തന്റെ മകന്റെ യഥാര്‍ത്ഥ പ്രതികളെ കണ്ടെത്തുന്നതുവരെ നിയമ പോരാട്ടം നടത്തുമെന്ന് ഷുഹൈബിന്റെ പിതാവ് പ്രതികരിച്ചു. ഷുഹൈബ് വധവുമായി ബന്ധപ്പെട്ട് സര്‍ക്കാരിനെയും പൊലീസിനെയും രൂക്ഷമായ ഭാഷയിലാണ് കോടതി ഇന്ന് വിമര്‍ശിച്ചത്.

ഷുഹൈബ് വധക്കേസ്; സര്‍ക്കാരിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം