ഹജ്ജ് വിമാന ടിക്കറ്റിന് വന്‍ നിരക്കിളവ്

single-img
27 February 2018


ന്യൂഡല്‍ഹി: ഹജ്ജ് സബ്സിഡി നിര്‍ത്തലാക്കിയതിന് ആശ്വാസമായി ഹജ്ജ് കര്‍മ്മത്തിന് പോകാനുള്ള വിമാന യാത്രാനിരക്കില്‍ ഇളവ് പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍. നിരക്കില്‍ ഏകദേശം 41,000 രൂപയുടെ ഇളവാണ് പ്രഖ്യാപിച്ചത്. കേന്ദ്ര വാര്‍ത്ത വിതരണ മന്ത്രി മുക്താര്‍ അബ്ബാസ് നഖ്‌വി ആണ് ഇക്കാര്യം അറിയിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഓഫീസിന്‍െറ പ്രത്യേക താല്‍പര്യപ്രകാരമാണ് നിരക്കിളവ് നടപ്പിലാക്കുന്നതെന്ന് മന്ത്രി അറിയിച്ചു. പ്രീണനമല്ല, ശാക്തീകരണമാണ് വേണ്ടതെന്ന നയമാണ് നടപടിക്ക് പിന്നിലെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സാമ്പത്തികമായും രാഷ്ട്രീയമായും തീര്‍ഥാടകരെ ചൂഷണം ചെയ്തിരുന്ന യു.പി.എ ഭരണകാലത്തിലെ അവസ്ഥക്ക് ഇതോടെ മാറ്റം വരുമെന്നും നഖ്‌വി പറഞ്ഞു.

എയര്‍ ഇന്ത്യ, സൗദി എയര്‍ലൈന്‍സ്, ഫ്ളെനാസ് തുടങ്ങിയ വിമാന കമ്പനികളുടെ ടിക്കറ്റിനാണ് നിരക്ക് കുറയുന്നത്. രാജ്യത്തെ 21 വിമാനത്താവളങ്ങളില്‍ നിന്ന് ജിദ്ദ, മദീന എന്നിവിടങ്ങളിലേക്കുള്ള യാത്ര നിരക്കിലാണ് ഇളവ് ലഭിക്കുക. ഇതോടെ, 2013-14 ല്‍ മുംബൈയില്‍ നിന്ന് 98,750 രൂപ ആയിരുന്ന ടിക്കറ്റ് നിരക്ക് ഈ വര്‍ഷം 57,857 രൂപയാകും. കഴിഞ്ഞ മാസമാണ് ഹജ്ജ് തീര്‍ഥാടനത്തിനുള്ള സബ്സിഡി കേന്ദ്ര സര്‍ക്കാര്‍ നിര്‍ത്തലാക്കിയത്. ഈ വര്‍ഷം 1.75 ആളുകളാണ് ഹജ്ജിനായി ഇന്ത്യയില്‍ നിന്ന് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.