പോക്കറ്റടിക്കാരില്‍ നിന്നും ഭാര്യയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ ഭര്‍ത്താവ് കുത്തേറ്റ് മരിച്ചു

single-img
27 February 2018

ന്യൂഡല്‍ഹി: പോക്കറ്റടിക്കാരില്‍ നിന്നും ഭാര്യയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ ഭര്‍ത്താവ് കുത്തേറ്റ് മരിച്ചു. ഡല്‍ഹിയിലെ നിലോത്തി സ്വദേശിയായ അമര്‍ജീത്ത് (25) ആണ് കൊല്ലപ്പെട്ടത്. ഞായറാഴ്ച്ച വൈകുന്നേരമാണ് സംഭവമുണ്ടായത്. അമര്‍ജീത്, ഭാര്യ മഞ്ജു, ഇവരുടെ നാലു വയസുകാരനായ മകന്‍, സഹോദരന്‍ എന്നിവര്‍ ഡല്‍ഹി മൃഗശാല സന്ദര്‍ശിച്ച് തിരിച്ചുവരുന്നതിനിടെയാണ് സംഭവമുണ്ടായത്.

ഇവര്‍ സഞ്ചരിച്ച ബസ് പ്രഗതി മൈതാനമെത്തിയപ്പോള്‍ നാലംഗ സംഘം അമര്‍ജീത്തിന്റെ മൊബൈല്‍ ഫോണ്‍ പോക്കറ്റടിച്ച് ബസില്‍ നിന്നിറങ്ങിയോടി. ഇവര്‍ക്ക് പിന്നാലെ അമര്‍ജീത്തും മഞ്ജുവും ഓടി. നാല് പേരില്‍ രണ്ട് പേരെ പിടികൂടുകയും ചെയ്തു.

ഇതോടെ മറ്റ് രണ്ട് പേര്‍ കത്തികാട്ടി ഭീഷണിപ്പെടുത്താന്‍ ശ്രമിക്കുകയും അമര്‍ജീത്തിന്റെ നെഞ്ചില്‍ കുത്തുകയും ചെയ്തു. മഞ്ജുവിന്റെ കൈയ്ക്കും മുറിവേറ്റു. നെഞ്ചില്‍ ആഴത്തില്‍ മുറിവേറ്റതിനാല്‍ ആശുപത്രിയിലെത്തിച്ചപ്പോഴേക്കും അമര്‍ജീത് മരണപ്പെട്ടു. അക്രമികളില്‍ മൂന്ന് പേരായ സൂരജ് (20), സുമിത് (25), അജിത് (24) എന്നിവരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് ഡല്‍ഹി ഡെപ്യൂട്ടി കമ്മീഷണര്‍ മധൂര്‍ വര്‍മ അറിയിച്ചു.