ശ്രീദേവിയുടെ മരണം; ഭര്‍ത്താവ് ബോണികപൂറിനെ ദുബായി പോലീസ് ചോദ്യം ചെയ്തു

single-img
27 February 2018

നടി ശ്രീദേവിയുടെ മരണം വെള്ളത്തില്‍ മുങ്ങിയാണെന്ന് വ്യക്തമായതോടെ ദുബൈ പൊലീസ് സ്വീകരിച്ചത് കര്‍ശന നടപടികള്‍. ഭര്‍ത്താവ് ബോണി കപൂറിനെ ദുബായ് പൊലീസ് വിശദമായി ചോദ്യം ചെയ്തു. ശ്രീദേവിയുടെ മരണം സംബന്ധിച്ചു പല കാര്യങ്ങളിലും അവ്യക്തത തുടരുന്ന സാഹചര്യത്തില്‍ കൂടിയാണു ഭര്‍ത്താവ് ബോണി കപൂറിനെ പൊലീസ് വിശദമായി ചോദ്യം ചെയ്തത്.

കേസ് കൈകാര്യം ചെയ്യുന്ന ബര്‍ ദുബായ് പൊലീസ് സ്റ്റേഷനിലായിരുന്നു ചോദ്യം ചെയ്യല്‍. റാസല്‍ ഖൈമയിലെ വിവാഹാഘോഷങ്ങള്‍ക്കുശേഷം ഇന്ത്യയിലേക്കു പോയ ബോണി കപൂര്‍ വീണ്ടും ദുബായിലേക്കു തിരിച്ചെത്താനുണ്ടായ സാഹചര്യം അടക്കമുള്ള കാര്യങ്ങള്‍ പൊലീസ് വിശദമായി ചോദിച്ചു മനസിലാക്കി.

ചോദ്യം ചെയ്യലിനുശേഷം ബോണി കപൂറിനെ ഹോട്ടലിലേക്കു മടങ്ങാന്‍ പൊലീസ് അനുവദിച്ചു. ശ്രീദേവിയുടെ മരണം സംബന്ധിച്ച് അന്വേഷണം നീളുകയാണെങ്കില്‍ അത് അവസാനിക്കുന്നതുവരെ ബോണി കപൂര്‍ യുഎഇയില്‍ തുടരേണ്ടി വരുമെന്നാണു സൂചന.

ശ്രീദേവിയുടേത് അപകട മരണമാണെന്നു വ്യക്തമായ സാഹചര്യത്തില്‍ പബ്ലിക് പ്രോസിക്യൂഷന്റെ അനുമതിയില്ലാതെ മൃതദേഹം നാട്ടിലെത്തിക്കാനാകില്ല. പബ്ലിക് പ്രോസിക്യൂഷന്‍ അനുമതി നല്‍കിയാല്‍ മാത്രമേ മൃതദേഹം വിട്ടു കൊടുക്കുന്നതിനും എംബാം ചെയ്യുന്നതിനും നാട്ടിലേക്കു കൊണ്ടു പോകുന്നതിനുമുള്ള രേഖകള്‍ ദുബായ് പൊലീസ് കൈമാറുകയുള്ളൂ.

പബ്ലിക് പ്രോസിക്യൂഷനിലെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ഉച്ചയ്ക്കു ശേഷം മൃതദേഹം എംബാമിങ്ങിന് അയക്കാനാണ് ഇപ്പോഴത്തെ ശ്രമം. അങ്ങനെയെങ്കില്‍ നടപടികളെല്ലാം പൂര്‍ത്തിയാക്കി വൈകിട്ടോടെ മുംബൈയിലേക്കു കൊണ്ടുപോകാം. എന്നാല്‍ ശ്രീദേവിയുടെ മരണം സംബന്ധിച്ചു കൂടുതല്‍ അന്വേഷണവും പരിശോധനയും വേണമെന്നു പബ്ലിക് പ്രോസിക്യൂഷന്‍ തീരുമാനിച്ചാല്‍ മൃതദേഹം ഇന്ത്യയിലെത്തിക്കുന്നത് അനിശ്ചിതമായി നീളും. ഇന്ത്യന്‍ എംബസിയുടെയും കോണ്‍സുലേറ്റിന്റെയും നേതൃത്വത്തില്‍ മൃതദേഹം വിട്ടുകിട്ടുന്നതിനുള്ള ശ്രമങ്ങള്‍ തുടരുകയാണ്.

ശ്രീദേവിയുടെ മരണം ഹൃദയാഘാതം മൂലമല്ലെന്നും മുങ്ങിമരണമാണ് സംഭവിച്ചതെന്നുമാണ് കഴിഞ്ഞ ദിവസം പുറത്തുവന്ന ഫോറന്‍സിക് റിപ്പോര്‍ട്ടിലുള്ളത്. ബാത്ത് ടബ്ബില്‍ മുങ്ങിമരണമാണ് സംഭവിച്ചതെന്നാണ് ഫോറന്‍സിക് റിപ്പോര്‍ട്ടില്‍ പറയുന്നത്.

ശ്രീദേവി മരിച്ചത് വിവാഹാഘോഷത്തിനിടെയാണ് എന്നായിരുന്നു ആദ്യം വാര്‍ത്തകള്‍ വന്നത്. യുഎഇയിലെ റാസല്‍ഖൈമയില്‍ ബോളിവുഡ് നടനും ബന്ധുവുമായ മോഹിത് മാര്‍വയുടെ വിവാഹചടങ്ങിനിടെ ശനിയാഴ്ച രാത്രി പതിനൊന്നരയോടെ ശ്രീദേവി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.

എന്നാല്‍ റാസല്‍ഖൈമയിലെ ചടങ്ങിന് ശേഷം ശ്രീദേവി കുടുംബസമേതം ദുബായില്‍ താമസിച്ചിരുന്ന എമിറേറ്റ്‌സ് ടവര്‍ ഹോട്ടലില്‍ തിരികെയെത്തിയെന്നും ഇവിടെവച്ച് ബാത്ത് റൂമില്‍ കുഴഞ്ഞുവീണതിനെ തുടര്‍ന്നാണ് മരണമുണ്ടായതെന്നുമുള്ള വാര്‍ത്തകള്‍ പിന്നീടാണ് പുറത്തുവന്നത്.

എന്നാല്‍ ബാത്ത് ടബ്ബില്‍ മുങ്ങിയാണ് മരണമുണ്ടായതെന്ന് ഫോറന്‍സിക് അധികൃതര്‍ നടത്തിയ വിദഗ്ധപരിശോധനയില്‍ വ്യക്തമാകുകയായിരുന്നു. അപകടത്തില്‍പ്പെട്ട് മുങ്ങിമരിച്ചെന്നാണ് ഫോറന്‍സിക് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇന്നലെ വൈകുന്നേരം മൃതദേഹം ഇന്ത്യയിലേക്ക് കൊണ്ടുവരുമെന്നാണ് അറിയിച്ചിരുന്നുവെങ്കിലും ഫോറന്‍സിക് പരിശോധന വൈകിയതിനെ തുടര്‍ന്ന് ഇതിന് സാധിച്ചില്ല.

അതേസമയം, ശ്രീദേവിയുടെ രക്തത്തില്‍ മദ്യത്തിന്റെ അംശമുണ്ടായിരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. ഈ സാഹചര്യത്തില്‍ മദ്യലഹരിയില്‍ ബാത്ത് ടബ്ബില്‍ മുങ്ങി മരിച്ചതാകുമെന്ന് സംശയിക്കപ്പെടുന്നുണ്ടെങ്കിലും മരണത്തിലെ ദുരൂഹത മാറാന്‍ ഏറെ സമയമെടുക്കും.