യുവരാജ് സിംഗിനെ തഴഞ്ഞ് അശ്വിനെ ക്യാപ്റ്റനാക്കിയത് എന്തിന് ?

single-img
27 February 2018

ഐപിഎല്‍ സീസണ് അണിഞ്ഞൊരുങ്ങുന്ന കിംഗ്‌സ് ഇലവന്‍ പഞ്ചാബ് ക്യാപ്റ്റന്‍ സ്ഥാനത്ത് രവിചന്ദ്ര അശ്വിനെ നിയമിച്ചത് തികച്ചും അപ്രതീക്ഷിതമായായിരുന്നു. സൂപ്പര്‍ താരം യുവരാജ് സിംഗിനെ നായകനാക്കുമെന്നാണ് ആരാധകരടക്കം എല്ലാവരും കരുതിയിരുന്നെങ്കിലും അവിടെയും ടീം മാനേജ്‌മെന്റ് വ്യത്യസ്തരായി.

സമൂഹമാധ്യമങ്ങളിലൂടെ പഞ്ചാബ് നടത്തിയ സര്‍വ്വേയിലും കൂടുതല്‍ പേരും പിന്തുണച്ചത് യുവരാജിനെയായിരുന്നു. എന്നിട്ടും എന്തിന് അശ്വിനെ നിയമിച്ചു. അതിനുള്ള ഉത്തരം ക്യാപ്റ്റനെ പ്രഖ്യാപിച്ച വീരേന്ദ്രര്‍ സെവാഗ് തന്നെ പറയുന്നു. ‘തൊണ്ണൂറു ശതമാനം ആരാധകരും യുവരാജ് സിംഗ് ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് വരണമെന്നാണ് അഭിപ്രായപ്പെട്ടത്.

പക്ഷേ ഞാന്‍ വ്യത്യസ്തമായാണ് ചിന്തിച്ചത്. വസീം അക്രം, വഖാര്‍ യൂനിസ്, കപില്‍ ദേവ് തുടങ്ങിയവരുടെ ആരാധകനെന്ന നിലയില്‍ ഒരു ബോളറെ നായകനാക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഈ ഇതിഹാസതാരങ്ങളെല്ലാം ടീമിനെ മികച്ച രീതിയില്‍ നയിച്ചവരാണ്’ സേവാഗ് പറഞ്ഞു.

മുന്‍ സീസണുകളില്‍ ചെന്നൈയുടെ താരമായിരുന്ന അശ്വിനെ ഐപിഎല്‍ താരലേലത്തില്‍ 7.6 കോടി രൂപയ്ക്ക് പഞ്ചാബ് സ്വന്തമാക്കിയത്. ഇതുവരെ 111 ഐപിഎല്‍ മത്സരങ്ങള്‍ കളിച്ചിട്ടുളള അശ്വിന്‍ 100 വിക്കറ്റുകളാണ് വീഴ്ത്തിയത്. മുമ്പ് ആഭ്യന്തര ക്രിക്കറ്റില്‍ അശ്വിന്‍ തമിഴ്‌നാടിനെ നയിച്ചിട്ടുണ്ട്.