തലസ്ഥാനത്ത് തെരുവുയുദ്ധം: യൂത്ത് കോണ്‍ഗ്രസ് സെക്രട്ടേറിയറ്റ് മാര്‍ച്ചില്‍ വന്‍സംഘര്‍ഷം

single-img
26 February 2018

തിരുവനന്തപുരം: മട്ടന്നൂര്‍ ഷുഹൈബ് വധക്കേസില്‍ സിബിഐ അന്വേഷണം ഇല്ലെന്ന സര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സെക്രട്ടറിയേറ്റിലേക്ക് നടത്തിയ മാര്‍ച്ച് അക്രമാസക്തമായി. സമരക്കാരും പൊലീസും ഏറ്റുമുട്ടിയപ്പോള്‍ തലസ്ഥാന നഗരം യുദ്ധക്കളമായി.

പൊലീസിന് നേരെ പ്രവര്‍ത്തകര്‍ കല്ലെറിഞ്ഞു. കണ്ണീര്‍വാതകവും ജലപീരങ്കിയും പ്രയോഗിച്ചാണു പൊലീസ് പ്രതിഷേധക്കാരെ നേരിട്ടത്. നിരവധി പേര്‍ക്ക് സംഘര്‍ഷത്തില്‍ പരിക്കേറ്റിട്ടുണ്ട്. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കണ്ണൂരില്‍ നിരാഹാര സമരം നടത്തുന്ന കെ.സുധാകരനും സെക്രട്ടറിയേറ്റിന് മുന്നില്‍ സമരം ചെയ്യുന്ന ഡീന്‍ കുര്യാക്കോസ്, സി.ആര്‍.മഹേഷ് എന്നിവര്‍ക്കും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചാണ് പ്രവര്‍ത്തകര്‍ ഇന്ന് തെരുവിലിറങ്ങിയത്.

സെക്രട്ടറിയേറ്റിലെ യൂത്ത് കോണ്‍ഗ്രസ് നേതാക്കളുടെ സമരപന്തലിന് മുന്നില്‍ നിന്നും തുടങ്ങിയ മാര്‍ച്ച് നോര്‍ത്ത് ഗേറ്റിന് മുന്നില്‍ പോലീസ് ബാരിക്കേഡ് ഉപയോഗിച്ച് തടയുകയായിരുന്നു. തുടര്‍ന്നാണ് സംഘര്‍ഷമുണ്ടായത്. പ്രവര്‍ത്തകര്‍ പോലീസിനെതിരേ കുപ്പിയും കല്ലുകളും വലിച്ചെറിഞ്ഞു.

രൂക്ഷമായ ആക്രമണം ഉണ്ടായതോടെ പോലീസ് ജലപീരങ്കിയും കണ്ണീര്‍വാതകവും ശക്തമായി പ്രയോഗിച്ചു. നിരവധി കണ്ണീര്‍വാതക ഷെല്ലുകള്‍ പോലീസ് പ്രവര്‍ത്തകര്‍ക്കെതിരേ വലിച്ചെറിഞ്ഞു. ഒരുവശത്ത് യൂത്ത് കോണ്‍ഗ്രസുകാരും മറുവശത്ത് പോലീസും അണിനിരന്നതോടെ തലസ്ഥാനത്തെ തെരുവുകള്‍ യുദ്ധസമാനമായി മാറി.

ടിയര്‍ ഗ്യാസ് ഷെല്ലുകള്‍ പ്രയോഗിച്ചതിന് പിന്നാലെ പോലീസ് പ്രവര്‍ത്തകരെ ലാത്തിച്ചാര്‍ജ് ചെയ്തു. യൂത്ത് കോണ്‍ഗ്രസിന്റെ സമരപന്തലിലേക്കും പോലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചതോടെ കോണ്‍ഗ്രസ് നേതാക്കള്‍ പോലീസിന് നേരെ പ്രതിഷേധവുമായി എത്തി. പിന്നാലെ പോലീസും നേതാക്കളും തമ്മില്‍ രൂക്ഷമായ വാക്കേറ്റമുണ്ടായി. ഉന്നത ഉദ്യോഗസ്ഥര്‍ എത്തിയാണ് പോലീസിനെ പിന്തിരിപ്പിച്ചത്.