തുഷാര്‍ വെള്ളാപ്പള്ളി രാജ്യസഭയിലേക്ക് ?

single-img
26 February 2018

തിരുവനന്തപുരം: ബി.ഡി.ജെ.എസ്. അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളിയെ ബി.ജെ.പി. അക്കൗണ്ടില്‍ രാജ്യസഭയിലെത്തിക്കാന്‍ ധാരണയായതായി റിപ്പോര്‍ട്ടുകള്‍. മാര്‍ച്ച് 23ന് 16 സംസ്ഥാനങ്ങളിലായി ഒഴിവുള്ള 59 രാജ്യസഭാ സീറ്റുകളിലേക്ക് തിരഞ്ഞെടുപ്പ് നടക്കുന്നുണ്ട്.

ബി.ജെ.പി.ക്ക് വിജയം ഉറപ്പുള്ള സീറ്റിലായിരിക്കും തുഷാര്‍ മത്സരിക്കുക. 12നുമുമ്പ് തുഷാര്‍ നാമനിര്‍ദേശപത്രിക സമര്‍പ്പിക്കുമെന്നും മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നു. ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ ഒറ്റയ്ക്കുമത്സരിക്കുമെന്ന ബി.ഡി.ജെ.എസ്. മുന്നറിയിപ്പിലെ അപായസൂചന തിരിച്ചറിഞ്ഞാണ് ബിജെപിയുടെ പുതിയ നീക്കമെന്നാണ് സൂചന.

ഫെബ്രുവരി 18ന് ബി.ജെ.പി. കേന്ദ്ര ഓഫീസിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് ഡല്‍ഹിയിലെത്തിയ സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍, സംഘടനാസെക്രട്ടറി എം. ഗണേശന്‍, ദേശീയ സഹസംഘടനാ സെക്രട്ടറി ബി.എല്‍. സന്തോഷ്, ദേശീയ അധ്യക്ഷന്‍ അമിത് ഷാ, ദേശീയ സംഘടനാകാര്യ ജനറല്‍ സെക്രട്ടറി രാംലാല്‍ എന്നിവരുമായി നടത്തിയ ചര്‍ച്ചയിലാണ് തുഷാറിന് രാജ്യസഭാസീറ്റ് നല്‍കാന്‍ ധാരണയായത് എന്നാണ് റിപ്പോര്‍ട്ടുകള്‍.

ചെങ്ങന്നൂര്‍ മണ്ഡലത്തില്‍ 67.4 ശതമാനം വരുന്ന ഹിന്ദു വോട്ടര്‍മാരില്‍ 19.5 ശതമാനം ഈഴവ വിഭാഗത്തില്‍പ്പെട്ടവരും 12.6 ശതമാനം പേര്‍ പട്ടികവിഭാഗക്കാരുമാണ്. ഈ വിഭാഗങ്ങളുടെ പിന്തുണ ലഭിച്ചാല്‍ വിജയസാധ്യതയുണ്ടെന്നും അതിന് ബി.ഡി.ജെ.എസ്. ഒപ്പം വേണമെന്നും കുമ്മനം കേന്ദ്രനേതൃത്വത്തെ അറിയിച്ചതായാണ് വിവരം.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ചെങ്ങന്നൂരില്‍ ബി.ജെ.പി. സ്ഥാനാര്‍ഥി പി.എസ്. ശ്രീധരന്‍പിള്ള 42,682 വോട്ടുനേടി ഇരുമുന്നണികള്‍ക്കും കടുത്ത ഭീഷണി ഉയര്‍ത്തിയിരുന്നു. ഉപതിരഞ്ഞെടുപ്പിലും അദ്ദേഹത്തെത്തന്നെ പരീക്ഷിക്കാനാണ് പാര്‍ട്ടി തീരുമാനം. ബി.ഡി.ജെ.എസ് പിന്തുണയുണ്ടെങ്കില്‍ വിജയം ഉറപ്പാണെന്നാണ് ബിജെപി കരുതുന്നത്.