ഐസിസി ട്വന്റി20 റാങ്കിങ്ങില്‍ ഇന്ത്യന്‍ താരങ്ങള്‍ക്ക് മുന്നേറ്റം

single-img
26 February 2018

ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ട്വന്റി 20 പരമ്പരയില്‍ 2-1 ന് വിജയം നേടിയതോടെ ഐസിസി ട്വന്റി20 റാങ്കിങ്ങില്‍ ഇന്ത്യന്‍ താരങ്ങള്‍ക്ക് കുതിപ്പ്. മൂന്ന് മല്‍സരത്തിലും തകര്‍പ്പന്‍ പ്രകടനം കാഴ്ചവച്ച പേസര്‍ ഭുവനേശ്വര്‍ കുമാറും ഓപ്പണര്‍ ശിഖര്‍ ധവാനുമാണ് നേട്ടമുണ്ടാക്കിയവരില്‍ പ്രധാനികള്‍.

148 റണ്‍സാണ് മൂന്ന് മല്‍സരങ്ങളില്‍ നിന്ന് ധവാന്‍ നേടിയത്. ഇരു ടീമുകളിലെയും താരങ്ങളില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയതും ധവാനാണ്. ഇതോടെ റാങ്കിങ്ങില്‍ 14 സ്ഥാനങ്ങള്‍ ഉയര്‍ന്ന് ധവാന്‍ 28ാം റാങ്കിലെത്തി. ധവാന്റെ കരിയറിലെ തന്നെ മികച്ച റാങ്കാണ് ഇത്.

അതേസമയം, മൂന്ന് മല്‍സരങ്ങളില്‍ നിന്ന് ഏഴ് വിക്കറ്റ് വീഴ്ത്തുകയും റണ്ണൊഴുക്ക് ശക്തമായി തടയുകയും ചെയ്ത പേസര്‍ ഭുവനേശ്വര്‍ കുമാറും നില മെച്ചപ്പെടുത്തി. 20 സ്ഥാനങ്ങള്‍ ഉയര്‍ന്ന് 12ാം സ്ഥാനത്താണ് ഭുവി ഇപ്പോഴുളളത്. ടീം റാങ്കിങ്ങില്‍ ഇന്ത്യ ഒരു പോയിന്റ് കൂടുതല്‍ നേടി.

ദക്ഷിണാഫ്രിക്കയ്ക്ക് ഒരു പോയിന്റ് കുറഞ്ഞു. പാക്കിസ്ഥാന്‍ ഒന്നാം സ്ഥാനത്ത് തുടരുന്ന പട്ടികയില്‍ പക്ഷെ ഇന്ത്യ തങ്ങളുടെ മൂന്നാം സ്ഥാനവും ദക്ഷിണാഫ്രിക്ക ഏഴാം സ്ഥാനവും നിലനിര്‍ത്തി. ദക്ഷിണാഫ്രിക്കന്‍ നായകന്‍ ജെ.പി. ഡുമിനി നാല് സ്ഥാനങ്ങള്‍ ഉയര്‍ന്ന് 24ാം റാങ്കിലെത്തി.